Sorry, you need to enable JavaScript to visit this website.

അനധികൃത വസ്ത്രനിർമാണ കേന്ദ്രം  അടപ്പിച്ചു

ജിദ്ദ- നഗരമധ്യത്തിലെ ബഗ്ദാദിയ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത വസ്ത്ര നിർമാണ കേന്ദ്രം ജിദ്ദ നഗരസഭയും വാണിജ്യ മന്ത്രാലയവും ചേർന്ന് റെയ്ഡ് നടത്തി അടപ്പിച്ചു. 
ബഗ്ദാദിയയിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് നിയമലംഘകർ അനധികൃത വസ്ത്ര നിർമാണ കേന്ദ്രം നടത്തിയിരുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണമേൻമ കുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങളിൽ അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ ട്രേഡ്മാർക്കുകളും ബ്രാന്റുകളും പതിച്ച ശേഷം ഒറിജിനലാണെന്ന വ്യാജേന പ്രാദേശിക വിപണിയിൽ മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിലാണ് നിയമലംഘകർ പ്രവർത്തിച്ചിരുന്നത്. 
വ്യാജ ട്രേഡ്മാർക്ക് നിർമാണത്തിനുള്ള ഉപകരണങ്ങളും വ്യാജ ട്രേഡ്മാർക്കുകൾ പതിച്ച 21,738 സ്റ്റിക്കറുകളും 1,240 റെഡിമെയ്ഡ് വസ്ത്രങ്ങളും അനധികൃത കേന്ദ്രത്തിൽ കണ്ടെത്തി. 
ബഗ്ദാദിയയിലെ തന്നെ പഴയ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മര ഉരുപ്പടി നിർമാണ കേന്ദ്രവും നഗരസഭ അടപ്പിച്ചു. നിയമവിരുദ്ധമായി മരബോർഡുകൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന കേന്ദ്രത്തിൽ കണ്ടെത്തിയ ഉപകരണങ്ങളും മരഉരുപ്പടികളും അധികൃതർ പിടിച്ചെടുത്തു.
 

Tags

Latest News