Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ മാത്രം പോരാ, യുനൈറ്റഡ് തിരിച്ചറിഞ്ഞു

ബേണ്‍ - ക്രിസ്റ്റിയാനൊ റോണാള്‍ഡോയുടെ ഗോളുകളിലൂടെ യൂറോപ്പ് കീഴടക്കാമെന്നു കരുതി പുറപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത തിരിച്ചടി. യുനൈറ്റഡിനു വേണ്ടി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം അരങ്ങേറ്റത്തിലും റൊണാള്‍ഡൊ ഗോളടിച്ചെങ്കിലും ടീമിന് ഞെട്ടിക്കുന്ന തോല്‍വി. സ്വിറ്റ്‌സര്‍ലന്റില്‍ യംഗ് ബോയ്‌സിനോട് അവര്‍ 1-2 ന് തോറ്റു. 
ബേണിലെ വാംക്‌ഫോഡ് സ്‌റ്റേഡിയത്തില്‍ തുടക്കത്തില്‍തന്നെ റൊണാള്‍ഡൊ ഗോളടിച്ചിരുന്നു. 12 വര്‍ഷത്തിനു ശേഷം യുനൈറ്റഡില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ രണ്ടു കളികളില്‍ മൂന്നാമത്തെ ഗോളാണ് അടിച്ചത്. എന്നാല്‍ ഇടവേളക്ക് അല്‍പം മുമ്പ് ആരന്‍ വാന്‍ ബിസാക ചുവപ്പ് കാര്‍ഡ് കണ്ടത് യുനൈറ്റഡിന്റെ താളം തെറ്റിച്ചു. സ്വിസ് ചാമ്പ്യന്മാര്‍ അതിശക്തമായി തിരിച്ചടിച്ചു. അറുപത്താറാം മിനിറ്റില്‍ കാമറൂണ്‍ താരം നിക്കൊളാസ് മൂമി എന്‍ഗമേലു സമനില ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ യുനൈറ്റഡ് പ്രതിരോധത്തിലെ പിഴവാണ് തോല്‍വിക്ക് കാരണം. ജെസി ലിംഗാഡിന്റെ ബാക്ക് പാസ് ഓടിപ്പിടിച്ച ജോര്‍ദാന്‍ സീബചു വിജയ ഗോള്‍ കണ്ടെത്തി. 
ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബല ടീമായാണ് യംഗ് ബോയ്‌സ് കരുതപ്പെട്ടത്. 1959 ല്‍ സെമി ഫൈനലിലെത്തിയതാണ് യൂറോപ്യന്‍ കപ്പില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലില്‍ യുനൈറ്റഡിനെ തോല്‍പിച്ച വിയ്യാറയല്‍, ഇറ്റാലിയന്‍ ലീഗിലെ ഗോളടിവീരന്മാരായ അറ്റ്‌ലാന്റ ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ സീസണില്‍ പ്രയാസപ്പെട്ട ഗ്രൂപ്പില്‍ ആദ്യ രണ്ടു കളികളും യുനൈറ്റഡ് ജയിച്ചിരുന്നു. പി.എസ്.ജിയെയും ലെയ്പ്‌സിഷിനെയും തോല്‍പിച്ചു. എന്നിട്ടും അവര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താവുകയും നോക്കൗട്ട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

Latest News