Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ഥാപനങ്ങളുടെ മറവിൽ പണം വെളുപ്പിച്ചു; വിദേശികളടക്കം 24 പേർക്ക് ശിക്ഷ

വെളുപ്പിച്ചത് 1700 ഓളം കോടി റിയാൽ 
റിയാദ്- സൗദിയിൽ സ്ഥാപനങ്ങളുടെ മറവിൽ പണം വെളുപ്പിച്ച കേസിൽ വിദേശികളടക്കം 24 പേർക്ക് ശിക്ഷ. റിയാദ് അപ്പീൽ കോടതിയാണ് പണം വെളുപ്പിക്കൽ കേസ് പ്രതികളായ 24 പേരെ ശിക്ഷിച്ചത്. സൗദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘം 1700 കോടിയോളം റിയാൽ വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികൾക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വർഷം തടവാണ്. കേസിലെ പ്രതികളായ സൗദി പൗരന്മാർ ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതിൽ നിന്ന് തടവു ശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിലക്കിയിട്ടുണ്ട്. വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തും. പ്രതികൾക്ക് എല്ലാവർക്കും കൂടി ആകെ ഏഴര കോടിയിലേറെ റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. 
പ്രതികൾ വെളുപ്പിച്ച മുഴുവൻ പണവും കണ്ടുകെട്ടാനും വിധിയുണ്ട്. ഫാക്ടറികൾ, കമ്പനികൾ, സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണ് പ്രതികൾ സംഘടിതമായി പണം വെളുപ്പിക്കൽ ഇടപാടുകൾ നടത്തിയത്. പണം വെളുപ്പിക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകളിൽ പങ്കാളിത്തം വഹിക്കൽ, പണം ശേഖരിക്കൽ, വിദേശങ്ങളിലേക്ക് അയക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ച് അറിവുണ്ടായിട്ടും അതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതിരിക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകൽ, കൈക്കൂലി എന്നിവ അടക്കം വ്യത്യസ്ത പങ്കുകളാണ് പ്രതികൾ വഹിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. 

Tags

Latest News