Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർമാർജനം ചെയ്ത കുഷ്ഠരോഗം തിരിച്ചുവരുന്നു

കണ്ണൂർ - നാട്ടിൽ നിന്ന് നിർമാർജനം ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന കുഷ്ഠ രോഗം വീണ്ടും തിരിച്ചു വരുന്നു. വർഷത്തിൽ ശരാശരി 50 കേസുകൾ കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കണക്ക്. ഇതര സംസ്ഥാന തൊഴിലാളികൾ, ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവരിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും സമൂഹത്തിന്റെ എല്ലാ ശ്രേണിയിൽ പെട്ട ആളുകൾക്കിടയിലും രോഗത്തിന്റെ സാന്നിധ്യമുണ്ടെന്ന് ജില്ലാ ലെപ്രസി ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒ രേഖ, 'മലയാളം ന്യൂസി'നോട് പറഞ്ഞു.    അടുത്ത കാലത്തായി രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ പൊതുവെ പുതുതായി രോഗം ബധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കുറഞ്ഞുവരികയായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിലുണ്ടായ വർധന ഇക്കാര്യത്തിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ കണ്ണൂർ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ അഞ്ച് പേർക്ക് രോഗം കണ്ടെത്തി. രോഗം പകരാനുള്ള സാധ്യതയും രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾ മുതൽ മാസങ്ങൾ വരെ കഴിഞ്ഞേ ബാഹ്യമായ എന്തെങ്കിലും അടയാളം പ്രകടമാവൂ എന്നതും രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും അവർ പറഞ്ഞു. 
മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗം പടർത്തുന്നത്. ചർമത്തിൽ പാടുകൾ രൂപപ്പെടുകയും ഈ ഭാഗങ്ങളിൽ സ്പർശന ശേഷി നഷ്ടപ്പെടുകയുമാണ് പ്രാരംഭ ലക്ഷണം. രോഗം ത്വക്കിനു പുറമെ, നാഡികൾ, കണ്ണുകൾ എന്നിവയേയും ബാധിക്കും. രോഗാണുബാധയേറ്റ് ലക്ഷണങ്ങൾ പുറത്തു വരാൻ ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ  സമയമെടുത്തേക്കാം. ഇതിനിടയിൽ രോഗിയുമായി അടുത്തിടപഴകുന്നവർക്ക് രോഗം പടരാൻ സാധ്യതയുമുണ്ട്. പ്രാഥമിക ചർമപരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ശാരീരിക വൈകല്യങ്ങൾക്കു വരെ സാധ്യതയുണ്ട്. കുട്ടികളിലാണ് ഇതിന് സാധ്യത കൂടുതൽ. ശ്വാസകോശത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്ന രോഗാണു മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. തൊട്ടാലറിയാത്ത പാടുകൾ ശരീരത്തിൽ രൂപപ്പെടുക, കൈകാലുകളിൽ മരവിപ്പ്, കൈകാലുകൾക്ക് കുഴച്ചിൽ, നാഡീവേദന, മുഖത്തോ ചെവിയിലോ തുടിപ്പ്, കൈകാലുകളിൽ വേദനയില്ലാത്ത മുറിവുകൾ, അൾസർ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് കുഷ്ഠരോഗം. രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറു മാസമോ ഒരു വർഷമോ ഗുളിക കഴിച്ചാൽ രോഗം ഭേദമാകും. പ്രതിരോധ ശേഷി കുറവായതിനാൽ കുട്ടികളിൽ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനും പരിശോധനകൾക്കുമായി ജനുവരി 30 മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സ്പർശ് കാമ്പയിന് ആരോഗ്യവകുപ്പ് പദ്ധതികളാവിഷ്‌ക്കരിച്ചിട്ടുണ്ട്.

Latest News