Sorry, you need to enable JavaScript to visit this website.

ദേവദത്തിന് ട്വന്റി20 അരങ്ങേറ്റം, സഞ്ജു സാംസണും ടീമില്‍

കൊളംബൊ- അസാധാരണ സാഹചര്യത്തില്‍ അരങ്ങേറുന്ന  ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ രണ്ട് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍. സഞ്ജു സാംസണിനു പുറമെ ദേവദത്ത് പടിക്കലിനാണ് അവസരം കിട്ടിയത്. ദേവദത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റമാണ് ഇത്. മലയാളി പെയ്‌സ്ബൗളര്‍ സന്ദീപ് വാര്യറെ ടീമിലുള്‍പെടുത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്ല. നെറ്റ്ബൗളറായാണ് സന്ദീപ് ടീമിനൊപ്പം വന്നത്. കോവിഡ് പോസിറ്റിവായ ക്രുനാല്‍ പാണ്ഡ്യക്കും ക്രുനാലുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ട് സഹതാരങ്ങള്‍ക്കും പരമ്പരയില്‍ കളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ നെറ്റ് ബൗളര്‍മാരായി ഒപ്പമുള്ള സന്ദീപ് വാര്യര്‍, ഇശാന്‍ പോറല്‍, അര്‍ഷദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത് സിംഗ് എന്നിവരെ ടീമിലുള്‍പെടുത്തുകയായിരുന്നു.
ശിഖര്‍ ധവാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ദേവദത്തും സഞ്ജുവും നിതിഷ് റാണയും മാത്രമാണ് ശിഖറിനെ കൂടാതെ ലഭ്യമായ ബാറ്റര്‍മാര്‍. ക്രുനാലുമായി സമ്പര്‍ക്കത്തില്‍ വന്ന ദീപക് ചഹര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും പരമ്പരയില്‍ കളിക്കാനാവില്ല. 
ചൊവ്വാഴ്ചയാണ് രണ്ടാം ട്വന്റി20 നടക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രുനാല്‍ പോസിറ്റിവായതോടെ മറ്റു കളിക്കാരെ വീണ്ടും പരിശോധിക്കാനായി ഒരു ദിവസത്തേക്ക് മത്സരം നീട്ടിവെക്കുകയായിരുന്നു. മൂന്നാം ട്വന്റി20 നിശ്ചയിച്ചതു പോലെ നാളെ നടക്കും. 
ക്രുനാലും സമ്പര്‍ക്കത്തില്‍ വന്ന കളിക്കാരും മറ്റു കളിക്കാരില്‍ നിന്ന് വേറിട്ടാണ് ഇപ്പോള്‍ താമസിക്കുന്നത്. ജൈവകവചം ഭേദിക്കാതെ എവിടെ നിന്ന് ക്രുനാലിന് കോവിഡ് പകര്‍ന്നുവെന്നത് അദ്ഭുതമാണ്. കളിക്കാര്‍ ഹോട്ടലിലും ഗ്രൗണ്ടിലും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നുമില്ല. ഇന്ത്യക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല. ജീവനക്കാര്‍ പോലും ജൈവകവചത്തിലാണ്. ഏത് കോവിഡ് വകഭേദമാണെന്നതിനനുസരിച്ചാണ് ഇന്ത്യയുടെ ഒമ്പത് കളിക്കാര്‍ എത്ര ദിവസം ക്വാരന്റൈനില്‍ കഴിയണമെന്ന് നിശ്ചയിക്കുക.  
പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിലെ ടെസ്റ്റ് ടീമിലേക്ക് അയക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ അതും അനിശ്ചിതത്വത്തിലാവും. 

 

 

Latest News