Sorry, you need to enable JavaScript to visit this website.

സൗദിയെ തോല്‍പിച്ച് ബ്രസീല്‍, ജര്‍മനിക്ക് നിരാശ

ടോക്കിയൊ - സൗദി അറേബ്യയെ 3-1 ന് തോല്‍പിച്ച് ബ്രസീല്‍ ഒളിംപിക് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരട്ട ഗോളിലൂടെ റിച്ചാര്‍ലിസനാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അര്‍ജന്റീനയോ ഓസ്‌ട്രേലിയയോ ആയിരിക്കും ബ്രസീലിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍. ബ്രസീല്‍ ഒരിക്കലേ ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ സ്വര്‍ണം നേടിയിട്ടുള്ളൂ -അഞ്ചു വര്‍ഷം മുമ്പ് സ്വന്തം നാട്ടില്‍ നെയ്മാറിന്റെ ക്യാപ്റ്റന്‍സിയില്‍. 
ആദ്യ പകുതിയിലും 1-1 ആയിരുന്നു. മാത്യുസ് കുഞ്ഞയിലൂടെ ബ്രസീല്‍ ലീഡ് നേടിയെങ്കിലും അബ്ദുലേല അല്‍അംരി ഗോള്‍ മടക്കി. സമനില ലഭിച്ചാലും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവുമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസന്‍ 76ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും സ്‌കോര്‍ ചെയ്തു. റിച്ചാര്‍ലിസന് അഞ്ച് ഗോളായി. 
2016 ല്‍ ബ്രസീലിനോട് ഫൈനലില്‍ തോറ്റ ജര്‍മനി നോക്കൗട്ടിലെത്താതെ പുറത്തായി. ഐവറികോസ്റ്റുമായി അവര്‍ 1-1 സമനില പാലിച്ചു. ഐവറികോസ്റ്റ് രണ്ടാം സ്ഥാനത്തോടെ മുന്നേറി. മിക്കവാറും സ്‌പെയിനായിരിക്കും നോക്കൗട്ടില്‍ അവരുടെ എതിരാളികള്‍. ക്ലബ് ഫുട്‌ബോളില്‍ ജര്‍മനി കരുത്തരാണെങ്കിലും ജര്‍മനിയുടെ ദേശീയ ടീമിന് സമീപകാലത്ത് ടൂര്‍ണമെന്റുകളിലെല്ലാം തിരിച്ചടിയാണ്.
 

Latest News