Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടീമിലെ ഒമ്പത് കളിക്കാര്‍ക്ക് അവസാന ട്വന്റി20 കള്‍ നഷ്ടപ്പെടും

കൊളംബൊ - കോവിഡ് പോസിറ്റിവായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേരും ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റിവായി. എന്നാല്‍ ഇവര്‍ക്കാര്‍ക്കും അവസാന രണ്ട് ട്വന്റി20 കളില്‍ പങ്കെടുക്കാനാവില്ല. ഈ കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അവസാന രണ്ട് ട്വന്റി20 കള്‍ അരങ്ങേറും. ആദ്യ മത്സരം ഇന്ത്യയാണ് ജയിച്ചത്. ക്രുനാലിന് പോസിറ്റിവായതിനാല്‍ ചൊവ്വാഴ്ച കളി നടന്നിരുന്നില്ല. 
ക്രുനാലും സമ്പര്‍ക്കത്തില്‍ വന്ന കളിക്കാരും മറ്റു കളിക്കാരില്‍ നിന്ന് വേറിട്ടാണ് ഇപ്പോള്‍ താമസിക്കുന്നത്. ജൈവകവചം ഭേദിക്കാതെ എവിടെ നിന്ന് ക്രുനാലിന് കോവിഡ് പകര്‍ന്നുവെന്നത് അദ്ഭുതമാണ്. കളിക്കാര്‍ ഹോട്ടലിലും ഗ്രൗണ്ടിലും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നുമില്ല. ഇന്ത്യക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല. ജീവനക്കാര്‍ പോലും ജൈവകവചത്തിലാണ്. ഏത് കോവിഡ് വകഭേദമാണെന്നതിനനുസരിച്ചാണ് ഇന്ത്യയുടെ ഒമ്പത് കളിക്കാര്‍ എത്ര ദിവസം ക്വാരന്റൈനില്‍ കഴിയണമെന്ന് നിശ്ചയിക്കുക.  
പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിലെ ടെസ്റ്റ് ടീമിലേക്ക് അയക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിലും അതും അനിശ്ചിതത്വത്തിലാവും. 


 

Latest News