Sorry, you need to enable JavaScript to visit this website.

സന്ദർശകർക്ക് ദൃശ്യവിരുന്നായി  ബുറൈദയിൽ ഒരു മുന്തിരിപ്പാടം

ബുറൈദയിൽനിന്ന് 70 കി.മീ അകലെയുള്ള മസറാത് ആലിയതുൽ ഖസീം എന്ന മുന്തിരിപ്പാടത്തിൽനിന്നുള്ള മനോഹര ദൃശ്യങ്ങൾ.
ബുറൈദയിൽനിന്ന് 70 കി.മീ അകലെയുള്ള മസറാത് ആലിയതുൽ ഖസീം എന്ന മുന്തിരിപ്പാടത്തിൽനിന്നുള്ള മനോഹര ദൃശ്യങ്ങൾ.


ബുറൈദ- നഗരത്തിൽനിന്നും ഏകദേശം 70 കിലോമീറ്റർ അകലെ ഹായിലിലേക്ക് നീളുന്ന ഹൈവേയുടെ വലതു വശത്തായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മസറാത് ആലിയതുൽ ഖസീം എന്ന മുന്തിരിപ്പാടം സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കുകയാണ്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് സന്ദർശകർക്ക് അനുമതി നൽകുന്നത്. കൃഷിയോടൊപ്പം അതിന്റെ പ്രാധാന്യവും ഭംഗിയും പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മറ്റിടങ്ങളിൽ അനുവദിക്കാത്ത രീതിയിൽ ഇവിടെ സന്ദർശനം അനുവദിക്കുന്നതെന്ന് തോട്ടത്തിന്റെ ചുമതലക്കാരനായ മുഹമ്മദ് അൽഹുവൈമലി എന്ന സ്വദേശി മലയാളം ന്യൂസിനോട് പറഞ്ഞു. കിലോമീറ്ററുകളിലായി പരന്നു കിടക്കുന്ന തോട്ടത്തിൽ പ്രധാനമായും കൃഷി ചെയ്യുന്നത് മുന്തിരി തന്നെ.

ക്രീം സോൺ, ബ്ലാക് മാജിക്, ബന്നാതി അഹ്മർ, ബന്നാതി അഹഌ എന്നീ നാല് ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസങ്ങളിലായാണ് പ്രധാന വിളവെടുപ്പ് നടക്കുന്നത്. ഒരാഴ്ചക്കു ശേഷം നടക്കാനിരിക്കുന്ന പ്രസിദ്ധമായ ഇനബ് മഹർജാനിൽ (മുന്തിരി ഫെസ്റ്റിവൽ) പങ്കെടുക്കാൻ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്താറുള്ളത്. ബുറൈദ മേഖലയിൽ ആകെ ഉത്സവ പ്രതീതി സൃഷ്ടിക്കുന്നതാണ് ഫെസ്റ്റിവൽ എന്നും മുഹമ്മദ് ഹുവൈമലി കൂട്ടിച്ചേർത്തു. ബുറൈദയിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള സുലൈബിയ്യയിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മുന്തിരി ഫെസ്റ്റിവൽ നടക്കുക. അൽഖസീം ഗവർണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഒരോ വർഷവും ഈ മേള സംഘടിപ്പിക്കുന്നത്. കൃഷിക്കാർക്ക് വേണ്ടത്ര അംഗീകാരം ലഭ്യമാവാനും പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കാനുതകുന്ന നടപടികൾക്ക് ആക്കം കൂട്ടാനുമെല്ലാം ഫെസ്റ്റിവൽ ഉപകാരപ്പെടാറുണ്ടെന്ന് തോട്ടം സന്ദർശനത്തിനെത്തിയ സ്വദേശികൾ പറഞ്ഞു.

മുന്തിരി കൃഷിക്കു പുറമെ ശജ്‌റത് ഹോക്ക്, നാരങ്ങ, ചെറുനാരങ്ങ, ഈത്തപ്പഴം തുടങ്ങിയവയും ഇവിടെ നന്നായി വിളവെടുക്കുന്നുണ്ട്. കൂടാതെ പ്രത്യേകമായി തയാർ ചെയ്ത ജലസംഭരണിയിൽ മത്സ്യം വളർത്തലും നടക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് ആളുകൾ ഇവിടെ കുടുംബസമേതവും അല്ലാതെയും സന്ദർശകരായെത്തുന്നുണ്ട്. തോട്ടത്തിനകത്ത് തയാർ ചെയ്ത ഇരിപ്പിടവും പരവതാനിയും മറ്റു സൗകര്യങ്ങളും സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ഫോട്ടോയും വീഡിയോയുമെല്ലാം പകർത്താനെത്തുന്നവരും ധാരാളമായുണ്ട്. മസറാതുൽ ആലിയത്തുൽ ഖസീം സന്ദർശിക്കുന്ന ഏതൊരാൾക്കും ദീർഘകാലം മനസ്സിൽ തങ്ങിനിൽക്കുന്ന നല്ലൊരനുഭവം ഈ തോട്ടം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

Tags

Latest News