Sorry, you need to enable JavaScript to visit this website.

സെക്‌സ് അപ്പീല്‍ ഇല്ല, സ്‌പോര്‍ട്‌സ് അപ്പീല്‍ മാത്രം

ടോക്കിയൊ - വനിതാ താരങ്ങളുടെ മേനിയഴകും സെക്‌സ് അപ്പീലും പൊലിപ്പിക്കുന്ന പതിവ് രീതികള്‍ ടോക്കിയൊ ഒളിംപിക്‌സില്‍ കാണില്ല. കാഴ്ചപ്പാടുകളില്‍ വന്ന മാറ്റങ്ങള്‍ ഒളിംപിക്‌സിലും പ്രതിഫലിക്കുകയാണ്. സ്‌പോര്‍ട് അപ്പീലാണ്, അല്ലാതെ സെക്‌സ് അപ്പീലിലായിരിക്കില്ല തങ്ങളുടെ ശ്രദ്ധയെന്ന് ബ്രോഡ്കാസ്റ്റിംഗ് മേധാവി യാനിസ് എക്‌സാര്‍കോസ് പറഞ്ഞു. വനിതാ താരങ്ങളുടെ മാംസളഭാഗങ്ങള്‍ക്കു ചുറ്റും കറങ്ങിത്തിരിയുന്ന പതിവ് കാമറക്കണ്ണുകളായിരിക്കില്ല ഇനിയെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാ താരങ്ങള്‍ നാമമാത്രമായി വസ്ത്രം ധരിക്കുന്ന ബീച്ച് വോളിബോളിലും ജിംനാസ്റ്റിക്‌സിലും നീന്തലിലും ട്രാക്ക് ആന്റ് ഫീല്‍ഡിലുമൊക്കെ അതെങ്ങനെ സാധ്യമാവുമെന്നതാണ് പ്രശ്‌നം. എന്നാല്‍ അവിടെയും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ലൈംഗിക പ്രദര്‍ശനത്തിന് നിന്നുതരില്ലെന്ന സന്ദേശവുമായി ജര്‍മനിയുടെ വനിതാ ജിംനാസ്റ്റുകള്‍ കണങ്കാല്‍ വരെ മറയുന്ന വസ്ത്രമണിഞ്ഞാണ് മത്സരിച്ചത്. 
ഈ മാസം യൂറോപ്യന്‍ ഹാന്റ്‌ബോളില്‍ ബികിനി ധരിച്ച് മത്സരിക്കാന്‍ വിസമ്മതിച്ച നോര്‍വേക്ക് പിഴ വിധിച്ചതാണ് പ്രതിഷേധക്കൊടുങ്കാറ്റിന് തുടക്കമായത്. ഒളിംപിക് കമ്മിറ്റിയിലും മാറ്റം വരികയാണ്. നിരവധി മിക്‌സഡ് ഇനങ്ങള്‍ ഉള്‍പെടുത്തി സ്ത്രീപുരുഷ സമത്വത്തിന് പ്രചോദനം പകരുകയാണ് അവര്‍. 
ടി.വി ചാനലുകള്‍ വനിതകളെ പെണ്‍ശരീരമായാണ്, അത്‌ലറ്റുകളായല്ല കാണുന്നതെന്ന് 1996 ലെ ഒളിംപിക്‌സില്‍ പങ്കെടുത്ത ജപ്പാന്റെ നീന്തല്‍ താരം നവൊകൊ ഇമോതൊ അഭിപ്രായപ്പെട്ടു. 

Latest News