Sorry, you need to enable JavaScript to visit this website.

വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഹൈക്കോടതി അനുമതി 

കൊച്ചി - വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി. 
കൃഷിയിടങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശം നൽകിയത്. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 11(1)(ബി) പ്രകാരം കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകണമെന്നു കോടതി വ്യക്തമാക്കി. 
ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയ വിവരം ഒരു മാസത്തിനുള്ളിൽ കോടതിയിൽ അറിയിക്കണം. 
കാട്ടുപന്നികളെ ഉപദ്രവ ജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ വന്യമൃഗത്തെ ഉപദ്രവിച്ചതിന്റെ പേരിൽ കർഷകർക്കെതിരെയുള്ള നിയമനടപടികൾ അവസാനിക്കും. 


കാട്ടുപന്നിയെ ഉപദ്രവ ജീവികളുടെ (കീടങ്ങൾ) ഗണത്തിൽ പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകണമെന്നും കോടതി വ്യക്തമാക്കി. കാട്ടുപന്നികളെ കൊല്ലുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ അനുമതിക്കുള്ള അപേക്ഷ എത്രയും പെട്ടെന്നു നൽകുന്നതിനു സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്നു ഹരജിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനു സംസ്ഥാന വനം വന്യജീവി വകുപ്പു ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കുന്നതിനു നിർദ്ദേശം നൽകണമെന്നും ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് താമരശേരി സ്വദേശികളായ കെ.വി.സെബാസ്റ്റ്യൻ, പി.എം. അബ്ദുൽ മജീദ്, രഘുപ്രസാദ്, ആനി ശ്യം, ജേക്കബ് പുന്നൻ, ഇ ഡി സെബാസ്റ്റിയൻ എന്നിവർ അഭിഭാഷകരായ അലക്‌സ് എം സ്‌കറിയ, അമൽ ദർശൻ എന്നിവർ മുഖാന്തിരം നൽകിയ ഹരജിയിലാണ് കോടതിവിധി.


മലയോര പ്രദേശങ്ങളിലെ കർഷകരുടെ വലിയ പ്രശ്നമാണ് കാട്ടുപന്നികളുടെ ആക്രമണം. കാട്ടിൽനിന്നിറങ്ങുന്ന പന്നികളെ കൊല്ലാൻ വന്യജീവി നിയമ പ്രകാരം അനുമതിയില്ല. തുടർന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കർഷകർ കോടതിയെ സമീപിച്ചത്. തുടർന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(1)(യ) പ്രകാരം കർഷകർക്ക് അനുമതി നൽകാൻ ഉത്തരവായത്. കാട്ടുപന്നി ശല്യം തടയുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി.


കാട്ടുപന്നികൾ വിളകൾ നിരന്തരമായി നശിപ്പിക്കുന്നുവെന്നായിരുന്നു കർഷകരുടെ പരാതി. നിലവിൽ കാട്ടുപന്നി വന്യമൃഗമായതിനാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം അതിനെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ഈ നിയമം മൂലം അവ വലിയ തോതിൽ പെറ്റു പെരുകുകയും, അവയുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാവുകയും ചെയ്യുന്നു. ഇതുമൂലം കൃഷിക്കാർക്ക് തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ മാർഗമില്ലാതാകുന്നു. ഇതിനാൽ, കാട്ടുപന്നികളെ കീടങ്ങൾ ആയി പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം.

 

Latest News