Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങൾക്കായി ദേശീയപാതയുടെ അലൈൻമെന്റ്  മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി - ആരാധനാലയങ്ങൾക്കായി ദേശീയപാതയുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസ്സാരകാര്യങ്ങളുടെ പേരിൽ വികസന പദ്ധതികൾക്കായുള്ള ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കലിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ഒരു ആരാധനാലയം സംരക്ഷിക്കാൻ 2008 ലെ അലൈൻമെന്റ് പുതുക്കിയപ്പോൾ കൂടുതൽ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് ഹരജിക്കാർ കോടതിയിൽ അറിയിച്ചു. 
ശ്രീകുമാരൻ തമ്പിയുടെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന വരികൾ കോടതി ഉദ്ധരിച്ചു. ഈ വാക്കുകളുടെ ഇംഗ്ലീഷ് വിവർത്തനം കൃത്യമായി പറയാനാവില്ലെങ്കിലും ദൈവം സർവ വ്യാപിയാണെന്നും അലൈൻമെന്റുകൾ ദൈവം പൊറുക്കുമെന്നും കോടതി വ്യക്തമാക്കി. ദേശീയപാതയുടെ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ ദൈവം ക്ഷമിക്കുമെന്നു വ്യക്തമാക്കിയ കോടതി സ്ഥലമേറ്റെടുക്കൽ നടപടികളിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി.
ദേശീയപാത അതോറിറ്റിയുടെ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കലിനെതിരെ ബാലകൃഷ്ണപിള്ള, മോഹൻലാൽ, ലളിതകുമാരി, വിക്രമൻപിള്ള, ശ്രീലത എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്. ദേശീയ പാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണം, സ്ഥലമേറ്റെടുക്കൽ നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചത്.
കുടുംബപരമായ സ്വത്തുക്കൾ മാത്രമല്ല, ആരാധനാലയങ്ങൾകൂടി സ്ഥലമേറ്റെടുക്കുമ്പോൾ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Latest News