Sorry, you need to enable JavaScript to visit this website.

അബുദാബി-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു 

അബുദാബി- കോവിഡ് സാഹചര്യത്തിൽ ഒരു വർഷം മുമ്പ് നിർത്തിവെച്ച അബുദാബി-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ബസ് സർവീസാണ് പുനരാരംഭിച്ചത്. അതേസമയം ദുബായിൽനിന്ന് തിരിച്ചുള്ള യാത്രക്ക് അനുമതിയില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായതുകൊണ്ടാണ് തിരിച്ചുള്ള സർവീസ് ഇല്ലാത്തത്. പെരുന്നാൾ പ്രമാണിച്ച് ദുബായിലേക്ക് സർവീസ് ആരംഭിച്ചത് പലർക്കും ആശ്വാസമായി. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും മുസഫ ഷാബിയ സ്റ്റേഷനിൽനിന്നും രണ്ട് ബസ്സുകളാണ് സർവീസ് നടത്തുന്നത്. ദിവസേന രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ ഒരു മണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ടാകും. 
25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത സ്റ്റേഷനിലാണ് യാത്രക്കാരെ എത്തിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും യാത്ര. അതേസമയം ദുബായിലേക്ക് ബസ്സിൽ പോയവർ തിരിച്ച് സർവീസ് ഇല്ലാത്തതിനാൽ സുഹൃത്തുക്കളെയോ ടാക്‌സിയോ ആശ്രയിക്കേണ്ടി വരും.
 

Tags

Latest News