Sorry, you need to enable JavaScript to visit this website.

യാത്രക്കാർക്ക്  8.5 ബില്യൺ ദിർഹം തിരിച്ചുനൽകിയെന്ന്  എമിറേറ്റ്‌സ്

ദുബായ്- കോവിഡ് കാലത്തെ വിലക്കുകൾ കാരണം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് എമിറേറ്റ്‌സ് എയർലൈൻസ് മടക്കി നൽകിയത് 8.5 ബില്യൺ ദിർഹം. കോവിഡ് മഹാമാരി പടർന്ന് ലോകമാകെ അടച്ചിട്ടതോടെയാണ് ഇത്രയും വലിയ തുക തിരിച്ചു നൽകേണ്ടി വന്നത്. അധികം വൈകാതെ തന്നെ എല്ലാ യാത്രക്കാർക്കും തുക റീഫണ്ട് ചെയ്യാൻ സാധിച്ചതായി എമിറേറ്റ്‌സ് ചീഫ് കോമേഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം പറഞ്ഞു. ഇന്നലെ മുതൽ അമേരിക്കൻ നഗരമായ മിയാമിയിലേക്കുള്ള സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എമിറേറ്റ്‌സ് അധികൃതർ. 
വിമാനങ്ങൾ റദ്ദാക്കിയ സമയത്തു തന്നെ എമിറേറ്റ്‌സ് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നു. രണ്ടു വർഷത്തേക്ക് യാത്ര പുനഃക്രമീകരിക്കാനും അവസരം നൽകിയിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പേരും യാത്ര റദ്ദാക്കുകയാണ് ചെയ്തത്. പണമായും പിന്നീട് ഉപയോഗിക്കാൻ പറ്റുന്ന വൗച്ചറുകളായും പിന്നീട് എടുക്കാൻ കഴിയുന്ന ഓപ്പൺ ടിക്കറ്റുകളുമായാണ് എമിറേറ്റ്‌സ് റീഫണ്ടിംഗ് നടപടികൾ നിർവഹിച്ചത്. മഹാമാരിയിൽനിന്ന് ലോകം മുക്തമാകുന്നതനുസരിച്ച് എമിറേറ്റ്‌സും സർവീസുകൾ പുനരാരംഭിക്കുകയാണെന്ന് അദ്‌നാൻ കാസിം പറഞ്ഞു. 

Tags

Latest News