Sorry, you need to enable JavaScript to visit this website.

ജിദ്ദ ഫൈസലിയയുടെ 'മൊഹി' പ്രവാസം അവസാനിപ്പിച്ച് മടങ്ങി

ജിദ്ദ- ഫൈസലിയ വിദ്യാഭ്യാസ മന്ത്രാലയ സ്റ്റേഡിയത്തിനു സമീപത്തെ സ്വദേശികൾ പ്രായഭേദമന്യേ സ്‌നേഹപൂർവം ‘മൊഹി’ എന്നു വിളിക്കുന്ന കരുവാടൻ മൊയ്തീൻ 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. വണ്ടൂർ ചെറുകോട് സ്വദേശിയായ മൊയ്തീന്റെ സൗമ്യതയാണ് ഏവർക്കും അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയത്. സ്വദേശികളിൽ പ്രായമായ രണ്ടു സ്ത്രീകൾ മക്കളെക്കാളും ബന്ധുക്കളെക്കാളും ഏതാവശ്യത്തിനും ആശ്രയിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു. എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ മൊഹി അവരുടെ സഹായത്തിന് ഓടിയെത്തും. അതുകൊണ്ട് മൊയ്തീൻ മടങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അവർക്ക് കരച്ചിലായിരുന്നു. അതിൽ ഒരാളോട് ഞാൻ ഇനിയും വരുമെന്ന മട്ടിലാണ് മൊയ്തീൻ യാത്ര പറഞ്ഞത്. കെട്ടിട കാവൽക്കാരൻ (ഹാരിസ്) എന്ന നിലയിൽ ഒമ്പത് കെട്ടിടങ്ങളിൽവരെ ഒരു വേള ജോലി ചെയ്തിരുന്നു. നാട്ടിലേക്കു മടങ്ങുമ്പോൾ അത് ഏഴായി ചുരുങ്ങിയിരുന്നു. അടിച്ചു തൊടക്കൽ ഉൾപ്പെടെയുള്ള ചെറിയ ചെറിയ ജോലികളാണ് മൊയ്തീൻ ചെയ്തിരുന്നത്. അവിടങ്ങളിലെ താമസക്കാരായ സ്വദേശികളും വിദേശികളുമായവരുടെ സഹായിയായി ഏതാവശ്യത്തിനു വിളിച്ചാലും മൊയ്തീനുണ്ടാവും. ഓരോ കെട്ടിടങ്ങളിൽനിന്നും ലഭിച്ചിരുന്ന ചെറിയ ചെറിയ തുകകൾ സ്വരുക്കൂട്ടിയാണ് മൊയ്തീൻ തന്റെ ദൈനംദിന ജീവിതത്തിനും കുടുംബത്തെയും പോറ്റാനുള്ള വക കണ്ടെത്തിയിരുന്നത്. ജോലിയെടുക്കുന്ന കെട്ടിടത്തിൽ ഒന്നുമായിരുന്നില്ല മൊയ്തീന്റെ താമസം. വേറെ മുറിയെടുത്ത് മറ്റു പ്രവാസികളോടൊപ്പമായിരുന്നു. അവർക്ക് മെസ് നടത്തിയും ചെറിയ വരുമാനം മൊയ്തീൻ ഉണ്ടാക്കിയിരുന്നു. 
സൗദിയോട് വിടപറയാൻ മനസുണ്ടായിട്ടല്ല മൊയ്തീന്റെ മടക്കം. വയസ് 66 ആയി. കെട്ടിടങ്ങൾ കയറിയിറങ്ങി പണിയെടുക്കാനുള്ള ശേഷിയില്ലാതായി. അതുകൊണ്ടാണ് മടങ്ങുന്നത്. അതല്ലെങ്കിൽ എത്രകാലം വേണമെങ്കിലും ഇവിടെ നിൽക്കാം. കാരണം വന്ന കാലം മുതൽ ഒരേ സൗദിയുടെ സ്‌പോൺസർഷിപ്പിലാണ് മൊയ്തീൻ ഇതുവരെ നിന്നത്. 1983ൽ ഉംറ വിസയിലാണ് മൊയ്തീൻ ആദ്യമായി സൗദിയിലെത്തിയത്. നാട്ടിൽ റബർ ടാപ്പിംഗ് ജോലികളും മറ്റുമായി കഴിയുമ്പോഴാണ് കുടുംബം പോറ്റാൻ അതു മതിയാവില്ലെന്നു കണ്ട് പ്രവാസിയായത്. ഉംറ വിസയിൽ വന്നു മൂന്നു വർഷം കൂടുമ്പോൾ പിടികൊടുത്ത് നാട്ടിൽ പോകും. അങ്ങനെ 1998ൽ പിടിയിലായപ്പോൾ 20 ദിവസം നാടുകടത്തൽ കേന്ദ്രത്തിൽ കഴിയേണ്ടിവന്നു. അവിടെനിന്ന് കയറ്റി വിട്ടതാകട്ടെ കപ്പൽ മാർഗം ബോംബെക്കും. പത്തു ദിവസമെടുത്താണ് കപ്പൽ ബോംബെയിലെത്തിയത്. പിന്നീട് ഏതാനും വർഷം നാട്ടിൽ തോട്ടങ്ങളിൽനിന്ന് അടയ്ക്ക എടുത്തു വിൽപന നടത്തുന്ന ചെറിയ കച്ചവടവുമായി കഴിഞ്ഞുകൂടി. നാലു പെൺമക്കളും മകനുമടങ്ങുന്ന കുടുംബ പ്രാരബ്ധം വർധിച്ചതോടെ വീണ്ടും പ്രവാസിയുടെ കുപ്പായമണിഞ്ഞു. 2001ൽ വീണ്ടും സൗദിക്കു കയറി. ഇവിടെ വന്ന് പഴയ സ്വദേശിയുടെ കീഴിൽതന്നെ വിസ എടുത്ത് രേഖകൾ നിയമപരമാക്കി. അങ്ങനെ 2001 മുതലാണ് നിയമാനുസൃതമുള്ള പ്രവാസിയായി മൊയ്തീൻ മാറിയത്. പിന്നീട് ഒന്നര വർഷം കൂടുമ്പോൾ നാട്ടിൽ അവധിക്കു പോകുമായിരുന്നു. മൊത്തം 33 വർഷമായി സൗദിയിലെ ജീവിതം. ഇതിനിടെ നാല് അനുജൻമാരെയും നാല് അളിയൻമാരെയും ഒരു മരുമകനെയും മൊയ്തീൻ സൗദിയിലെത്തിച്ചു. അതിൽ മകളുടെ ഭർത്താവ് മുനീർ ഒഴികെ മറ്റുള്ളവരെല്ലാം പ്രവാസം അവസാനിപ്പിച്ച് നേരത്തെ തന്നെ മടങ്ങി. മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സൗദി ജീവിതം ഏറെ സംതൃപ്തിയാണ് മൊയ്തീനു നൽകിയത്. സൗദിയുടെ വികസനം നോക്കി കാണാനും ഹജും ഉംറയും നിർവഹിക്കാനുമൊക്കെ കഴിഞ്ഞതും വലിയ നേട്ടമായി കരുതുന്നു. സൗദി സമ്മാനിച്ച ഓർമകൾ എന്നും മനസിൽ സൂക്ഷിക്കും. ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്ന മോഹവുമായാണ് മൊയ്തീന്റെ മടക്കം. ആരോഗ്യം അനുവദിക്കുന്നിടത്തോളം നേരത്തെ ചെയ്തു ശീലിച്ചിരുന്ന അടയ്ക്കാ കച്ചവടം ചെറിയ തോതിൽ ചെയ്യണമെന്ന മോഹവും മൊയ്തീനുണ്ട്.
നാലു പെൺമക്കളെയും ടി.ടി.സിക്കാരാക്കി വിവാഹം കഴിച്ചുകൊടുത്തു. അതിൽ ചിലർക്കു നാട്ടിൽ ജോലിയുണ്ട്. ഇളയതാണ് മകൻ. പ്ലസ് ടു കഴിഞ്ഞ് സാങ്കേതിക വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ടു കഴിയുന്നു. ഭാര്യ- റഹ്മത്ത്. മക്കൾ: ജാസ്മി, സഫ, സഹറ, ഹാജറ, മുഹമ്മദ് ഫർഹാൻ.
 

Tags

Latest News