Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

പ്രായം 66, മേരി ഹന്ന  ഒളിംപിക്‌സിലെ മുത്തശ്ശി

ടോക്കിയൊ - മുപ്പത്തൊമ്പതാം വയസ്സിലാണ് അമേരിക്കയുടെ കാര്‍ലി ലോയ്ഡ് ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിക്കുക. വനിതാ ഫുട്‌ബോളിലെ പ്രായമേറിയ താരമൊന്നുമല്ല കാര്‍ലി. ബ്രസീലിന്റെ മിഡ്ഫീല്‍ഡര്‍ മീറ്റ് ഫോര്‍മിഗക്ക് പ്രായം 43. ഫോര്‍മിഗയുടെ ഏഴാമത്തെ ഒളിംപിക്‌സാണ് ഇത്. മുപ്പത്തഞ്ചുകാരി മാര്‍ത്തയുമുണ്ട് ടീമില്‍ -അഞ്ചാമത്തെ ഒളിംപിക്‌സിനായി. ഇത്തവണ പ്രായമേറിയ അത്‌ലറ്റ് ഓസ്‌ട്രേലിയയുടെ അശ്വാഭ്യാസി മേരി ഹന്നയായിരിക്കും -അറുപ്പത്താറുകാരി അമ്മൂമ്മക്ക് ഇത് ഏഴാം ഒളിംപിക്‌സാണ്. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായമേറിയ വനിത കൂടിയായിരിക്കും അവര്‍. 1972 ല്‍ അശ്വാഭ്യാസത്തില്‍ തന്നെ ബ്രിട്ടനെ പ്രതിനിധീകരിക്കുമ്പോള്‍ ലോര്‍ന ജോണ്‍സ്റ്റന് 70 വയസ്സുണ്ടായിരുന്നു. 
എന്നാല്‍ ഒളിംപിക്‌സിലേറെ പ്രായമേറിയ അത്‌ലറ്റിന് ഇതിനെക്കാള്‍ വയസ്സുണ്ട് -1920 ലെ ഷൂട്ടിംഗില്‍ പങ്കെടുക്കുമ്പോള്‍ സ്വീഡന്റെ ഓസ്‌കര്‍ സ്വാനിന്റെ പ്രായം 72 വയസ്സും 280 ദിവസവുമായിരുന്നു. വയോവൃദ്ധന്‍ വെള്ളിയുമായാണ് മടങ്ങിയത്. കായിക മത്സരങ്ങള്‍ പരിഗണിക്കുമ്പോഴീണ് ഇത്.
40 വര്‍ഷത്തോളം കലാകാരന്മാര്‍ക്കും ഒളിംപിക്‌സില്‍ പങ്കെടുക്കാമായിരുന്നു. 1948 ല്‍ പെയ്ന്റിംഗില്‍ വെള്ളി നേടുമ്പോള്‍ ബ്രിട്ടിഷ് ആര്‍ടിസ്റ്റ് ജോണ്‍ കോപ്്‌ലിയുടെ പ്രായം 73. 
കാര്‍ലി ഇത്തവണ അമേരിക്കന്‍ ടീമിലെ പ്രായമേറിയ കളിക്കാരിയല്ല. അത് അശ്വാഭ്യാസിയായ അമ്പത്തേഴുകാരന്‍ ഫിലിപ് ഡട്ടനാണ്. ഡട്ടന്റെ ഏഴാം ഒളിംപിക്‌സാണ് ഇത്. 2016 ല്‍ വെങ്കലം കിട്ടി -1952 ലെ ഒളിംപിക്‌സിനു ശേഷം അമേരിക്കക്കു വേണ്ടി മെഡല്‍ നേടുന്ന പ്രായമേറിയ അത്‌ലറ്റായി ഡട്ടണ്‍. 
യുവജനതയെ ആകര്‍ഷിക്കാനാണ് സ്‌കെയ്റ്റ്‌ബോര്‍ഡിംഗ് എന്ന ഇനം ഇത്തവണ ഉള്‍പെടുത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കെയ്റ്റ്‌ബോര്‍ഡര്‍ ഡള്ളസ് ഒബള്‍ഹോസറിന്റെ പ്രായം 46.
ജിംനാസ്റ്റിക്‌സില്‍ 20 വയസ്സെന്നാല്‍ അധികം പ്രായമാണ്. 1952 നു ശേഷം പ്രായമേറിയ ജിംനാസ്റ്റിക്‌സ് ടീമിനെയാണ് ഇത്തവണ അമേരിക്ക ഇറക്കുന്നത് -ശരാശരി പ്രായം 20.8. ഏറ്റവും പ്രായം മികൈല സ്‌കിന്നര്‍ക്കാണ് -24. എന്നാല്‍ ഒരു നാല്‍പത്താറുകാരിയുമുണ്ട് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കാന്‍. ഉസ്‌ബെക്കിസ്ഥാന്റെ ഒക്‌സാന ചുസോവിറ്റ്‌ന. ചുസോവിറ്റ്‌നക്ക് ഇരുപത്തൊന്നുകാരനായ മകനുണ്ട്. 
ജെയ്ക് ഗിബ് ബീച്ച് വോളിബോളില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്ന പ്രായമേറിയ ഒളിംപ്യനാണ് -വയസ്സ് 45. ഗിബ്ബിന്റെ നാലാമത്തെ ഒളിംപിക്‌സാണ് ഇത്.

Latest News