Sorry, you need to enable JavaScript to visit this website.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാലാവസ്ഥ റഡാർ 

കണ്ണൂർ - വടക്കെ മലബാറിലെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താൻ സഹായകമാവുന്ന വിധത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാലാവസ്ഥ റഡാർ സ്ഥാപിക്കുന്നു. ഇത് മൂന്നു മാസത്തിനകം പ്രവർത്തനക്ഷമമാകും. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ, കേരളം മുഴുവൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ വരും. 100 കിലോമീറ്ററാണ് പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തിന്റെ പരിധി. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഡോപഌ റഡാർ സംവിധാനം ഉണ്ട്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ പ്രവർത്തിക്കുന്ന റഡാറിന്റെ പരിധി, തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയാണ്. കൊച്ചി തോപ്പുംപടിയിൽ ഐ.എസ്.അർ.ഒ സ്ഥാപിച്ച റഡാർ പരിധിയിൽ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ ഉൾപ്പെടും. 

കണ്ണൂർ വിമാനത്താവളത്തിൽ പുതിയ റഡാർ സ്ഥാപിക്കുന്നതോടെ, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകൾക്ക് പുറമെ കർണാടകയിലെ കൂർഗിൽ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാനാവും. മംഗളൂരുവിലും ഇത്തരം റഡാർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ റഡാർ സ്ഥാപിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 85 ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികൾ കേരളത്തിൽ സ്ഥാപിക്കുന്നുണ്ട്. ഇതിൽ 15 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ഡിസംബറിനകം സ്ഥാപിക്കും. മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈർപ്പം, താപനില തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകത.

 

Latest News