Sorry, you need to enable JavaScript to visit this website.

ഹജ് സുരക്ഷ: അനിഷ്ട സംഭവങ്ങൾ നിരീക്ഷിക്കുന്നതിന് 6,250 ക്യാമറകൾ

മിനാ - പുണ്യസ്ഥലങ്ങളിലും മക്കയിലുമായി മിനായിലെ കൺട്രോൾ ആന്റ് കമാണ്ട് സെന്ററുമായി ബന്ധിപ്പിച്ച 6,250 ക്യാമറകളുള്ളതായി സെന്റർ കമാണ്ടർ ബ്രിഗേഡിയർ താരിഖ് ഗുബാൻ പറഞ്ഞു. ഹജ് സുരക്ഷാ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് കൺട്രോൾ ആന്റ് കമാണ്ട് സെന്റർ. മിനായിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ ആന്റ് കമാണ്ട് സെന്റർ ആണ് ഹജ് സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെ പരസ്പരം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. 
ഇത്തവണത്തെ ഹജിന്റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഈ വർഷം രണ്ട് കൺട്രോൾ ആന്റ് കമാണ്ട് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇരു സെന്ററുകളും ഇലക്‌ട്രോണിക് സംവിധാനത്തിൽ തത്സമയം ആശയവിനിമയം നടത്തുന്നു. 
ഹജുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് മിനായിലെ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ ആന്റ് കമാണ്ട് സെന്റർ ആണ്. വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനമുണ്ടാക്കുന്ന ചുമതലയാണ് മുസ്ദലിഫ കൺട്രോൾ ആന്റ് കമാണ്ട് സെന്റർ ജീവനക്കാർ വഹിക്കുന്നത്. ഹജുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകളും സർക്കാർ, സ്വകാര്യ വകുപ്പുകളും ഏജൻസികളും അടക്കം 31 ലേറെ പങ്കാളികളുമായി പൊതുസുരക്ഷാ വകുപ്പ് സഹകരിക്കുന്നു. ഈ വകുപ്പുകളുമായെല്ലാം ഏകോപനം നടത്തേണ്ടതുണ്ട്. കൂടാതെ ഏകീകൃത കൺട്രോൾ സെന്ററായ 911 ൽ ലഭിക്കുന്ന പരാതികളും ഫീൽഡിൽ നിന്ന് ലഭിക്കുന്ന പരാതികളും കൺട്രോൾ ആന്റ് കമാണ്ട് സെന്റർ വഴി നിരീക്ഷിക്കുന്നു. 


നൂറുകണക്കിന് സ്‌ക്രീനുകൾ വഴി ഹജ് തീർഥാടകരുടെ നീക്കങ്ങൾ ആധുനിക സാങ്കേതിക വിദ്യകൾ വഴി 24 മണിക്കൂറും സസൂക്ഷ്മം നിരീക്ഷിക്കൽ, മുൻകൂട്ടി തയാറാക്കിയ സുരക്ഷാ, ട്രാഫിക് പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കൽ, മാസ്‌ക് ധരിക്കൽ അടക്കമുള്ള ആരോഗ്യ പ്രോട്ടോകോളുകൾ പാലിക്കുന്നത് നിരീക്ഷിക്കൽ എന്നിവയെല്ലാം കൺട്രോൾ ആന്റ് കമാണ്ട് സെന്ററിന്റെ ഉത്തരവാദിത്തങ്ങളാണ്. 
നൂതന സാങ്കേതിക ഉപകരണങ്ങളിൽ കൺട്രോൾ ആന്റ് കമാണ്ട് സെന്റർ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഇത്തവണ ആദ്യമായി ഹജ്, ഉംറ സുരക്ഷാ സേനക്കു കീഴിൽ പരിശീലന സെന്റർ തുറന്നിട്ടുണ്ട്. ഹജിനു മുമ്പായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകളിൽ സെന്റർ ജീവനക്കാർക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് ട്രെയിനിംഗ് സെന്റർ തുറന്നത്. ഇത്തവണത്തെ ഹജിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വരും വർഷങ്ങളിൽ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കും. 
നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ നിരവധി സ്ഥലങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെയും ഹജ് നിയമ ലംഘകരെയും കണ്ടെത്താനും ഹജ് പദ്ധതികൾ നിരീക്ഷിക്കാനും നടത്തുന്ന ഹെലികോപ്റ്റർ നിരീക്ഷണങ്ങളെ കൺട്രോൾ ആന്റ് കമാണ്ട് സെന്ററുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ബ്രിഗേഡിയർ താരിഖ് ഗുബാൻ പറഞ്ഞു.

Tags

Latest News