Sorry, you need to enable JavaScript to visit this website.

നിയന്ത്രണങ്ങൾക്കിടയിലും മാറ്റ് കുറയാതെ  ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷം

പെരുന്നാൾ പ്രമാണിച്ച് അണിഞ്ഞൊരുങ്ങിയ അബുദാബി കോർണിഷിലെ ഒരു ഭാഗം
അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ എത്തിയപ്പോൾ.  

അബുദാബി- ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി വന്നെത്തിയ ബലിപെരുന്നാൾ നിയന്ത്രണങ്ങൾക്കിടയിലും മാറ്റ് കുറയാതെ ഗൾഫ് രാജ്യങ്ങൾ ആഘോഷിച്ചു. ചില രാജ്യങ്ങളിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ മിക്കയിടത്തും പരിമിതമായെങ്കിലും ആഘോഷങ്ങൾക്ക് അനുമതിയുണ്ട്. യു.എ.ഇയിലെ നഗരങ്ങളെല്ലാം അലങ്കാര വെളിച്ചങ്ങളുമായി ബലിപെരുന്നാളിനെ വരവേറ്റു. യു.എ.ഇയിൽ 15 മിനിറ്റാണ് രാജ്യത്ത് പെരുന്നാൾ നിസ്‌കാരത്തിന് സമയം അനുവദിച്ചത്. അബുദാബിയിൽ പുലർച്ചെ 6:02, അൽ ഐനിൽ 5:56, ദുബായിൽ 5:57, ഷാർജയിലും അജ്മാനിലും 5:56 എന്നീ സമയങ്ങളിലായിരുന്നു പെരുന്നാൾ നിസ്‌കാരം. നിസ്‌കാരത്തിന് 15 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികളുടെ കവാടങ്ങൾ തുറന്നത്. നിസ്‌കാരം കഴിഞ്ഞ ഉടനെ അടയ്ക്കുകയും ചെയ്തു. 


12 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ആലിംഗനം ചെയ്യാനോ ശരീരത്തിൽ സ്പർശിച്ചുള്ള സ്‌നേഹപ്രകടനങ്ങൾക്കോ അനുവാദമുണ്ടായിരുന്നില്ല. യു.എ.ഇയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശകരെ സ്വീകരിച്ചു. ഖോർഫക്കാനിൽ പെരുന്നാളിനോടനുബന്ധിച്ച് നിരവധി സന്ദർശകരാണ് എത്തിയത്. അഞ്ച് ടണലുകൾ ഉൾപ്പെടുന്ന മലമ്പാതയിൽ സദാസമയം തിരക്ക് അനുഭവപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള സാധ്യതകൾ കുറഞ്ഞതോടെ സ്വദേശികളും പ്രവാസികളും പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളെയാണ് വിനോദത്തിന് ആശ്രയിച്ചത്. ഖോർഫക്കാൻ മലനിരകളിലെ പുതുതായി തുറന്ന അൽസുഹബ് റസ്റ്റ് ഹൗസ് കാണാൻ ധാരാളം പേർ എത്തി. 


പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ കരിമരുന്ന് പ്രയോഗം ആകാശത്ത് വിസ്മയം തീർത്തു. യാസ് ബേ വാട്ടർ ഫ്രണ്ടിൽ ഇന്നലെ രാത്രി ഒമ്പത് മണി മുതൽ വെടിക്കെട്ട് നടന്നു. ദുബായ് ബുർജ് ഖലീഫ എല്ലാ അര മണിക്കൂർ കൂടുമ്പോഴും പ്രത്യേക വർണ വെളിച്ചങ്ങളാൽ പെരുന്നാളിനെ വരവേറ്റു. ഷാർജ അൽമജാസ് വാട്ടർഫ്രണ്ടിൽ ഇന്നലെ രാത്രി എട്ട് മുതൽ വെടിക്കെട്ട് അരങ്ങേറി. ബീച്ചുകളിലും പാർക്കുകളിലും ആളുകളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചു. പരമ്പരാഗത ബോട്ട് യാത്ര, ഫുട്‌ബോൾ കളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ബീച്ചുകളിൽ ഉണ്ടായിരുന്നു. അബുദാബി നഗരം വർണദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാന കെട്ടിടങ്ങളും റോഡുകളും വർണ വെളിച്ചത്തിൽ മുങ്ങി. ദുബായ്, ഷാർജ, അജ്മാൻ, അൽഐൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ മേഖലകളിലും അലങ്കാരങ്ങൾ ധാരാളമുണ്ടായിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് ഷോപ്പിങ് മാളുകളിൽ കച്ചവടം വർധിച്ചു. ആടുമാടുകളുടെ വിപണിയും ഉണർന്നു. യു.എ.ഇ നഗരങ്ങളിൽ ശനിയാഴ്ച വരെ പാർക്കിംഗ് സൗജന്യമാണ്. 


ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സമ്പൂർണ ലോക്ഡൗൺ ഇന്നലെ മുതൽ നിലവിൽ വന്നു. ബഹ്‌റൈനിൽ നിയന്ത്രണങ്ങളോടെ പെരുന്നാൾ ആഘോഷിച്ചു. ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെയാണ് ബഹ്‌റൈൻ മോചിപ്പിച്ചത്. ഖത്തറിൽ നിയന്ത്രണങ്ങളിൽ ധാരാളം ഇളവുകൾ വന്നതോടെ വിപണിയും ഉണർന്നു. രാജ്യത്തുടനീളം പബ്ലിക് പാർക്കുകളും ബീച്ചുകളും ശുചീകരണം പൂർത്തിയാക്കി പെരുന്നാളിനെ വരവേറ്റു. കോവിഡ് മുൻകരുതലുകളോടെയായിരുന്നു വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം. വിപണിയിൽ ഈദ് ഓഫറുകളും ധാരാളമുണ്ടായിരുന്നു. 

 

Tags

Latest News