Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസിക്ക് 25 വർഷം തടവ്  

ദുബായ് - ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തിയ പ്രവാസിക്ക് 25 വർഷം തടവുശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. വീടിന് മുമ്പിൽ വെച്ച് തലയിലും നെഞ്ചിലും കഴുത്തിലും അടിവയറ്റിലുമായി 11 തവണ കുത്തിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയാണ് നേപ്പാൾ സ്വദേശിയെ കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. 
2019 ലായിരുന്നു ഇയാളും യുവതിയും തമ്മിലുള്ള വിവാഹം. 2020 സെപ്റ്റംബർ 25 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വർഷം ജൂണിൽ സുഹൃത്തുക്കൾ വഴി പ്രതി അറിഞ്ഞു. സെപ്റ്റംബർ 25 ന് ഇതേക്കുറിച്ച് ചോദിക്കാൻ ഇയാൾ ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്ത ഒരു പുരുഷൻ ഇനി തങ്ങളെ ശല്യം ചെയ്യരുതെന്ന് പറയുകയായിരുന്നു. ഈ പകയിലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ശൈഖ് സായിദ് റോഡിലെ 21 സെഞ്ച്വറി ടവറിന് പുറത്തുനിന്നാണ് പ്രതി അറസ്റ്റിലായത്. 
ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ച പ്രതി അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരു കത്തി വാങ്ങി ഭാര്യ വീട്ടിൽ എത്തുന്നത് കാത്തുനിന്നു. തുടർന്ന് രാത്രി 8.10 ന് ഇയാൾ ഭാര്യയെ കാണുകയും ഫോണിൽ സംസാരിച്ച പുരുഷനുമായുള്ള ബന്ധം ചോദിക്കുകയും ചെയ്തു. എന്നാൽ ഭാര്യ മറുപടി പറയുന്നതിന് മുമ്പ് തന്നെ പ്രതി അവരെ കത്തികൊണ്ട് കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന ഭാര്യയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി തന്നെ പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതി തനിക്ക് കുറ്റബോധമില്ലെന്നും കോടതിയോട് പറഞ്ഞു. ഇതോടെയാണ് ശിക്ഷ വിധിച്ചത്. 


 

Tags

Latest News