Sorry, you need to enable JavaScript to visit this website.

പട്ടാളത്തിൽനിന്നും ഒളിച്ചോടിയെത്തിയ യുവസൈനികനെ പട്ടാളത്തിലേക്ക് തിരിച്ചയച്ച് പോലീസുകാരൻ


തൃശൂർ- ഇതൊരു സിനിമാക്കഥയല്ല, പക്ഷേ സിനിമാക്കഥ പോലെയുള്ള യഥാർഥ സംഭവമാണ്. അതുകൊണ്ടു തന്നെ ഒരു സിനിമാതിരക്കഥ പോലെ ഈ കുന്നംകുളം കഥ വായിക്കുക...
തൃശൂർ ജില്ലാ പോലീസ് ആസ്ഥാനത്തേക്കൊരു കത്തുവരുന്നു. ഇന്ത്യൻ കരസേനയുടെ ഓഫീസിൽ നിന്നുള്ള കത്തായിരുന്നു അത്. കരസേനയുടെ ആർട്ടിലറി വിഭാഗത്തിൽ ജോലിചെയ്യുന്ന കുന്നംകുളം സ്വദേശിയായ സൈനികൻ ഇക്കഴിഞ്ഞ മാർച്ചിൽ നാട്ടിലക്ക് അവധിക്ക് പോയതിന് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും ആ സൈനികനെ കണ്ടെത്തി ഇന്ത്യൻ കരസേനയ്ക്ക് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് കുന്നംകുളം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി. കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ 25 വയസ്സു വരുന്ന യുവസൈനികനെ കണ്ടെത്തി. എന്നാൽ സൈന്യത്തിലേക്ക് തിരിച്ചുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അയാൾ. അതിർത്തികളിലെ പട്ടാളക്യാമ്പുകളിലെ കടുപ്പമേറിയ ജീവിത സാഹചര്യങ്ങളും പരുക്കൻ ട്രെയിനിംഗും മറ്റും മനസ്സ് മടുപ്പിച്ചപ്പോൾ പട്ടാളജീവിതം വിട്ട് നാട്ടിലേക്ക് മടങ്ങാൻ ആ യുവ സൈനികൻ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. അതുകൊണ്ടാണ് അവധിക്കു കുന്നംകുളത്തെത്തിയിട്ട് പിന്നെ സൈനിക ആസ്ഥാനത്തേക്ക് തിരിച്ചുപോകാതിരുന്നത്.


ഇനിയൊരിക്കലും കരസേനയിലേക്ക് തിരിച്ചുപോകുന്നില്ലെന്നായിരുന്നു പോലീസുകാരോട് സൈനികൻ പറഞ്ഞത്. ഇയാളോട് പോലീസുകാർ പിറ്റേന്ന് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് മടങ്ങി. അടുത്ത ദിവസം സ്‌റ്റേഷനിലെത്തിയ സൈനികനോട് ഇൻസ്‌പെക്ടർ എൻ.എ. അനൂപ് ഏറെ നേരം സംസാരിച്ചു. സൈനികന്റെ മടുപ്പ് സംസാരത്തിലുടനീളമുണ്ടായിരുന്നതായി അനൂപ് ഓർക്കുന്നു. സ്‌റ്റേഷൻ റൈറ്റർ വിൻസന്റ് സൈനികന്റെ മൊബൈൽ നമ്പർ ഇതിനിടെ മേടിച്ചു. 


സാധാരണ നിലയിൽ സൈനികനായ ഉദ്യോഗസ്ഥൻ ജോലിക്ക് ഹാജരാകാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി ഫയൽ ക്ലോസ് ചെയ്യാമെന്നതാണ് നിയമം. അങ്ങിനെ ചെയ്യുമ്പോൾ സൈനിക കോടതിയുടെ നടപടികളടക്കം ആ സൈനികൻ നേരിടേണ്ടി വരും. അതുകൊണ്ടെല്ലാം തന്നെ വിൻസന്റ് അതിലേക്കൊന്നും കടന്നില്ല. പിടിച്ചുകൊടുക്കും മുമ്പ് ഒരു കൈ നോക്കാം എന്ന് മനസ്സിലുറപ്പിച്ച് വിൻസന്റ് ആ സൈനികനെ എങ്ങിനെ ശരിയാക്കാമെന്നാലോചിച്ച് നടന്നു. 
മൂന്നുവർഷമായി കുന്നംകുളം സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന റൈറ്റർ വിൻസന്റിന് സൈനികന്റെ മാനസികാവസ്ഥ ശരിക്കും മനസ്സിലായി. സൈനികന്റെ മനസ്സിനേറ്റ മുറിവുകൾ ഉണങ്ങിയാൽ, അയാൾക്ക് സൈനിക ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായാൽ, അതിലേറെ എല്ലാറ്റിനേയും നേരിടാമെന്ന ആത്മവിശ്വാസമുണ്ടായാൽ അയാൾ പട്ടാളത്തിലേക്ക് തിരിച്ചുപോകുമെന്ന് വിൻസന്റിന് തോന്നി. അതാണ് ചെയ്യേണ്ടതെന്ന് വിൻസന്റ് മനസ്സിലുറപ്പിച്ചു. 


സൈനികനെ വിൻസന്റ് രണ്ടു ദിവസം കഴിഞ്ഞ് ഫോണിൽ വിളിക്കുകയും സ്‌റ്റേഷനിലേക്ക് വരാമോ എന്ന് ചോദിക്കുകയും ചെയ്തു. യാതൊരു മടിയും കൂടാതെ സ്‌റ്റേഷനിലെത്തിയ അയാളേയും കൊണ്ട് വിൻസന്റ് പുറത്തേക്ക് പോയി. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ് തമാശകൾ പറഞ്ഞ് മനസ്സിനെ ശാന്തമാക്കി അവരങ്ങനെ കുറേ നേരം ചെലവിട്ടു. 
അടുത്ത രണ്ടു മൂന്നു ദിവസങ്ങളിലും ഇവർ തമ്മിൽ കണ്ടു സംസാരിച്ചു. എല്ലാം തുറന്നുപറയാവുന്ന സുഹൃത്താണ് വിൻസന്റെന്ന് ബോധ്യം വന്നതോടെ ആ സൈനികൻ അയാളുടെ മനസ്സു തുറന്നു സംസാരിച്ചു. എപ്പോഴൊക്കെയോ ആ സൈനികൻ സങ്കടം കൊണ്ട് വിതുമ്പിയപ്പോൾ സൗഹൃദസ്പർശത്താൽ വിൻസന്റ് അയാളെ ആശ്വസിപ്പിച്ചു. 
മനസ്സിന്റെ വിഷമങ്ങളെല്ലാം പറഞ്ഞുതീർത്ത അയാളോട് പിന്നെ വിൻസന്റ് സംസാരിച്ചു. അയാളുടെ എല്ലാ വിഷമങ്ങളും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് വിൻസന്റ് അയാളെ ഇന്ത്യൻ സൈനികന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു. ഒരു ഇന്ത്യൻ സൈനികന് സമൂഹത്തിൽ കിട്ടുന്ന ബഹുമാനവും സ്‌നേഹവും ആദരവും വളരെ വളരെ വലുതാണെന്ന് വിൻസന്റ് പല കഥകളും ഉദാഹരണമായി പറഞ്ഞ് അയാളെ ബോധ്യപ്പെടുത്തി. വിൻസന്റ് പറയുന്നത് ശരിയാണെന്ന് ആ സൈനികന് പതിയെപ്പതിയെ ബോധ്യമായിത്തുടങ്ങി. 


എല്ലാവർക്കും പട്ടാളക്കാരനാകാൻ കഴിയില്ലെന്നും കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ധൈര്യവുമാണ് ഓരോ പട്ടാളക്കാരനെന്നും വിൻസന്റ് അയാളോടു പറഞ്ഞു. അങ്ങിനെ പതുക്കെപ്പതുക്കെ ആ സൈനികന്റെ മനസ്സിൽ താൻ ഉപേക്ഷിച്ചുപോയ പട്ടാളബാരക്കിനോട് ഇഷ്ടം തോന്നിത്തുടങ്ങി. സൈനിക സേവനം ചെറുതല്ലെന്നും മനസ്സുമടുത്ത് ഉപേക്ഷിച്ചിട്ടോടി വരേണ്ടതല്ലെന്നും അയാൾക്ക് ദിവസങ്ങൾക്കകം ബോധ്യമായി. അല്ല, വിൻസന്റ് ബോധ്യമാക്കി. 
ചെയ്തു പോയ തെറ്റ് മനസ്സിലാക്കി അത് തിരുത്താൻ ആ സൈനികൻ തയാറാവുകയും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അയാൾ തയാറാവുകയും തീരുമാനിക്കുകയും ചെയ്തു. എന്നാൽ അവധി കഴിഞ്ഞിട്ടും തിരികെ എത്താത്ത സൈനികനെതിരെ കർശന ശിക്ഷാ നടപടികളാണ് സൈന്യത്തിലുണ്ടാവുകയെന്നതിനാൽ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ അനൂപ് വഴി സൈനികന്റെ മേലുദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ച് ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. 


മനസ്സ് പൂർണമായും ശാന്തമാക്കി അടുത്ത ദിവസം തന്നെ ആ യുവസൈനികൻ വിമാനമാർഗം തന്റെ സൈനിക ആസ്ഥാനത്തെത്തി ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഡ്യൂട്ടിയുടെ തിരക്കിനിടയിൽ, പുതിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ അയാൾ വിൻസന്റിന് വാട്‌സ്ആപ്പിലൊരു സന്ദേശമയച്ചു....
ഡ്യൂട്ടിയിൽ കയറിയെന്നും ഇനി ആറു മാസത്തേക്ക് പോസ്റ്റിംഗ് ലഡാക്കിലാണെന്നും അങ്ങോട്ടു പോവുകയാണെന്നും അവിടെ ചിലപ്പോൾ ഫോണിന് റേഞ്ച് കിട്ടില്ലെന്നും എല്ലാറ്റിനും നന്ദിയുണ്ടെന്നും പറഞ്ഞായിരുന്നു ആ സന്ദേശം. കൂടെ സൈനിക യൂനിഫോമിട്ടു നിൽക്കുന്ന ഒരു ചിത്രവും. 
ലഡാക്കിലേക്ക് പോകുന്ന ആ സൈനികന് കുന്നംകുളത്തിരുന്ന് വിൻസന്റ് വാട്‌സ്ആപ്പിൽ ഇങ്ങനെ മറുപടിയിട്ടു: ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ...ഓൾ ദി ബെസ്റ്റ്... 


ഒളിച്ചോടി വന്ന പട്ടാളക്കാരനെ സൈന്യത്തിന് പിടിച്ചുകൊടുക്കുന്നതിനേക്കാൾ അയാളെ തിരികെ സൈനിക വൃത്തിയിലേക്ക് പൂർണമനസ്സോടെ തിരിച്ചെത്തിക്കുകയാണ് വേണ്ടതെന്ന കർത്തവ്യബോധത്താൽ അതിനു വേണ്ടി ശ്രമിച്ച് വിജയം കൈവരിച്ച വിൻസന്റിനെ തൃശൂർ ജില്ലാ പോലീസ് മേധാവി നേരിട്ട് അഭിനന്ദിച്ചു. ജില്ലാ പോലീസിന്റെ എഫ്.ബി പേജിൽ വിൻസന്റിനെ അഭിനന്ദിച്ചുള്ള കുറിപ്പ് വന്നതോടെ പലരും വിൻസന്റിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. കൂട്ടത്തിൽ പട്ടാളസിനിമകളിലൂടെ മലയാളത്തിന് പ്രിയങ്കരനായ മേജർ രവിയും. 
ഇനി ഒരിക്കലും ആ യുവസൈനികൻ ഇന്ത്യൻ സൈന്യത്തിൽനിന്ന് ഒളിച്ചോടില്ല. കാരണം മലയാളിയായ ആ യുവ സൈനികന്റെ മനസ്സു നിറയെ കേരള പോലീസ് നൽകിയ ആത്മവിശ്വാസവും ധൈര്യവും പ്രോത്സാഹനവുമുണ്ട്. ഏതു യുദ്ധഭൂമിയിലും നെഞ്ചുവിരിച്ചു നിന്ന് പിറന്ന നാടിനെ സംരക്ഷിച്ചു പിടിക്കാൻ അതു മതി ആ ധീരയോദ്ധാവിന്. ഇന്ത്യൻ സൈനികനും കേരള പോലീസിനും പ്രത്യേകിച്ച് വിൻസന്റിനും സെല്യൂട്ട്!!

 

 

Latest News