Sorry, you need to enable JavaScript to visit this website.

എറിക്‌സന്റെ ഹൃദയം യന്ത്രങ്ങളില്‍ തുടിക്കും

കോപന്‍ഹാഗന്‍ - ഡെന്മാര്‍ക്ക് ഫുട്‌ബോളര്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയം ഇനി യന്ത്രങ്ങളുടെ സഹായത്തോടെ തുടിക്കും. ഹൃദയതാളം വീണ്ടെടുക്കാനുള്ള ഡീഫൈബ്രിലേറ്റര്‍ യന്ത്രം ഫുട്‌ബോളറുടെ നെഞ്ചിനുള്ളില്‍ ഘടിപ്പിക്കും. ഫിന്‍ലന്റിനെതിരായ യൂറോ കപ്പ് മത്സരത്തില്‍ ഹൃദയാഘാതം സംഭവിച്ച എറിക്‌സന്റെ ജീവന്‍ ഗ്രൗണ്ടില്‍ നല്‍കിയ പ്രഥമ ശുശ്രൂഷയിലൂടെയാണ് തിരിച്ചുപിടിച്ചത്. പതിനാറായിരത്തോളം കാണികള്‍ക്കു മുന്നില്‍ ചലനമറ്റു കിടന്ന താരത്തിന് ഗ്രൗണ്ടില്‍ വെച്ച് സി.പി.ആര്‍ നല്‍കിയിരുന്നു. ഐ.സി.ഡി (ഹേര്‍ട് സ്റ്റാര്‍ടര്‍) എന്നും ഡീഫൈബ്രിലേറ്റര്‍ അറിയപ്പെടാറുണ്ട്. പെയ്‌സ്‌മേക്കറിന്റെ നവീന രൂപമാണ് ഇത്. ഹൃദയത്തിന്റെ താളം തെറ്റുമ്പോള്‍ ഇലക്ട്രിക് ഷോക്കിലൂടെ അത് വീണ്ടെടുക്കാന്‍ ഈ ഉപകരണത്തിന് കഴിയും. അതുവഴി ഹൃദയാഘാതം ഒഴിവാക്കാന്‍ സാധിക്കും. 
അതോടെ എറിക്‌സന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുമോയെന്ന കാര്യത്തില്‍ ഡെന്മാര്‍ക്ക് ഫുട്‌ബോള്‍ യൂനിയന്‍ മൗനം പാലിച്ചു. ഇപ്പോള്‍ എറിക്‌സനും കുടുംബത്തിനും സമാധാനവും സ്വകാര്യതയുമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ഉപദേശത്തിന് എറിക്‌സന്‍ സമ്മതം മൂളിയതായും അവര്‍ അറിയിച്ചു.
 

Latest News