Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളും രംഗത്ത്

കോട്ടയം- ആരാധനാലയങ്ങൾ ലോക്ഡൗണിന്റെ മറവിൽ  അടച്ചിടുകയാണെന്ന് ആരോപിച്ച് എൻ.എസ്.എസിനു പിന്നാലെ ക്രൈസ്തവ സഭകളും രംഗത്ത്. മുസ്ലിം സംഘടനകളും ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ടി പി ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക്  പ്രത്യാശ നൽകുന്ന ആരാധനാലയങ്ങൾ  തുറക്കേണ്ടത് ഏറെ പരിഗണന അർഹിക്കുന്ന വിഷയമായി സർക്കാർ കാണണം.  മതപരമായ ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയിൽ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങൾ  പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് അടിയന്തര  പരിഗണന നൽകണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു.
ലോക്ഡൗണിന്റെ മറവിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന്  ആവശ്യപ്പെട്ട് മുസ്ലിം സംഘടനാ പ്രതിനിധികൾ വൈകുന്നേരം കോട്ടയം ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധ സമരം നടത്തി. മദ്യാലയങ്ങൾ തുറന്നാലും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം നൽകാത്ത നിലപാടിൽ പുനർ ആലോചന വേണമെന്ന് എൻഎസ്എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഓർത്തഡോക്സ് സഭയും അതേ ആവശ്യം ഉന്നയിച്ചത്.

Latest News