Sorry, you need to enable JavaScript to visit this website.

കുട്ടികൾക്ക് സിനോഫാം: പഠനത്തിന്റെ  ഭാഗമായി അബുദാബി രാജകുടുംബാംഗങ്ങളും 

അബുദാബിയിൽ സിനോഫാം ഇമ്യൂൺ ബ്രിഡ്ജ് സ്റ്റഡിയുടെ ഭാഗമാകുന്ന രാജകുടുംബാംഗങ്ങളുടെ കുട്ടികൾ.

അബുദാബി - 17 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായ പഠനത്തിൽ പങ്കാളികളായി അബുദാബി രാജകുടുംബാംഗങ്ങളും. 
ചൈനീസ് വാക്‌സിനായ സിനോഫാം ഉപയോഗിച്ചുള്ള ഇമ്യൂൺ ബ്രിഡ്ജ് സ്റ്റഡിയാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. കുട്ടികളിൽ സിനോഫാമിന്റെ ഫലപ്രാപ്തി പരിശോധിക്കുന്ന പഠനമാണ് നടക്കുന്നത്. ക്രൗൺ പ്രിൻസസ് കോർട്ട് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെ മക്കളും സഹോദരങ്ങളുടെ മക്കളും സിനോഫാം വാക്‌സിൻ ഫലപ്രാപ്തി പരിശോധനയിൽ പങ്കെടുത്തു. അബുദാബി മീഡിയ ഓഫീസ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. 
പി.സി.ആർ പരിശോധന നടത്തിയ ശേഷമാണ് പഠനത്തിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത്. വാക്‌സിനേഷന് ശേഷം ഇവരുടെ രക്തസമ്മർദം, ഹൃദയ മിടിപ്പ് എന്നിവ പരിശോധിക്കും. പിന്നീട് 30 മിനുട്ട് നിരീക്ഷണത്തിൽ വെക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പഠനം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 900 കുട്ടികളെ ഉപയോഗിച്ചാണ് ഫലപ്രാപ്തി പരിശോധന നടത്തുന്നത്. സിനോഫാം വാക്‌സിന്റെ കുട്ടികളിലെ രോഗപ്രതിരോധ ശേഷി പരിശോധിക്കുകയാണ് ലക്ഷ്യം. മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടികൾക്ക് വാക്‌സിൻ എത്തിക്കുന്നതിന്റെ ഭാഗമാണിത്. ആരോഗ്യസ്ഥിതി സൂക്ഷ്മമായി പഠിച്ച ശേഷമായിരിക്കും കുട്ടികളെ പഠനത്തിന്റെ ഭാഗമാക്കുന്നത്. 

Tags

Latest News