Sorry, you need to enable JavaScript to visit this website.

മാമ്പഴ നയതന്ത്രം വേണ്ട, ഇത് കോവിഡ് കാലമാണ്... പാക്കിസ്ഥാന്റെ മാമ്പഴം നിരസിച്ച് രാജ്യങ്ങള്‍

ഇസ്‌ലാമാബാദ് - നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് വിവിധ രാജ്യങ്ങള്‍. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്ഥാന്‍ മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചു.

ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാകിസ്ഥാന്‍ മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യു.എസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യു.കെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാകിസ്ഥാന്‍ മാമ്പഴപ്പെട്ടികള്‍ അയക്കുന്നുണ്ട്. സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യയിലേക്കും പാകിസ്ഥാന്‍ മാമ്പഴം അയച്ചിരുന്നു.

 

Latest News