Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ട് പുറത്താക്കിയ താരം താല്‍ക്കാലം കളി നിര്‍ത്തി

ലണ്ടന്‍ - കൗമാരപ്രായത്തില്‍ നടത്തിയ ചില ട്വീറ്റുകളില്‍ വംശീയതയും സ്ത്രീവിരുദ്ധതയുമുണ്ടെന്ന് പരാതിയുയര്‍ന്നതോടെ ഇംഗ്ലണ്ട് പുറത്താക്കിയ പുതുമുഖ പെയ്‌സ്ബൗളര്‍ ഒല്ലി റോബിന്‍സന്‍ അല്‍പകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. പ്രയാസകരമായ മാനസികാവസ്ഥ തരണം ചെയ്യാന്‍ കുടുംബത്തോടൊപ്പം ചെലവിടുകയാണ് താരമെന്ന് റോബിന്‍സന്റെ കൗണ്ടിയായ സസക്‌സ് അറിയിച്ചു. 
ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇരുപത്തേഴുകാരന്‍ തിളങ്ങിയിരുന്നു. നടപടി അമിതാവേശമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അപലപിച്ചിരുന്നു. 2012 ലും 2013 ലുമുള്ള ട്വീറ്റുകളുടെ പേരിലാണ് നടപടി. 
ട്വീറ്റുകള്‍ അപമാനകരമാണെങ്കിലും അത് ഒരു കൗമാരക്കാരന്റേതാണെന്ന് മനസ്സിലാക്കണമെന്നും പക്വതയെത്തിയതോടെ അതില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും ബ്രിട്ടിഷ് സ്‌പോര്‍ട്‌സ് സെക്രട്ടറി ഒലിവര്‍ ദൗദനും ചൂണ്ടിക്കാട്ടിയിരുന്നു 
ന്യൂസിലാന്റിനെതിരായ അരങ്ങേറ്റത്തില്‍ റോബിന്‍സന്‍ ഏഴു വിക്കറ്റെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സും സംഭാവന ചെയ്തു. ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഒരു പതിറ്റാണ്ട് പഴക്കമുള്ള ട്വീറ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയത്. 
റോബിന്‍സനോട് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ സഹതാപം പ്രകടിപ്പിച്ചു. അതേസമയം സോഷ്യല്‍ മീഡിയാ ലോകത്ത് വളരുന്ന യുവതലമുറക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതെന്നും അശ്വിന്‍ പറഞ്ഞു. 
 

Latest News