Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസിനെതിരെ നടപടി ശക്തമാക്കി;1246 കേസുകൾ കൂടി പിടികൂടി

റിയാദ്- സൗദിയിൽ ബിനാമി ബിസിനസിനെതിരെ വീണ്ടും നടപടി ശക്തമാക്കി. 1246 കേസുകൾ കൂടി പിടികൂടി. കഴിഞ്ഞ വർഷം 1246 ബിനാമി ബിസിനസ് കേസുകൾ നിയമ നടപടികൾക്കായി വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയം കണ്ടെത്തിയ ബിനാമി കേസുകളിൽ വർധനയുണ്ട്. 2018 ൽ 1835 ഉം 2019 ൽ 1195 ഉം ബിനാമി കേസുകളിലാണ് വാണിജ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചത്. ബിനാമി ബിസിനസ് ആണെന്ന് സംശയിച്ചും ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താനും കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയം 30,000 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. 2016 ൽ 6300 ഫീൽഡ് പരിശോധനകളും 2017 ൽ പതിനായിരത്തോളം ഫീൽഡ് പരിശോധനകളുമാണ് ഈ ലക്ഷ്യത്തോടെ വാണിജ്യ മന്ത്രാലയം നടത്തിയിരുന്നത്. 
പഴയ നിയമത്തിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് രണ്ടു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടു കടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. 
ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 47 പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കൽ, ബിനാമി ബിസിനസിന്റെ അപകടങ്ങളെ കുറിച്ച ബോധവൽക്കരണ കാമ്പയിൻ, നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പദ്ധതി, ബിനാമി ബിസിനസസ് പ്രവണത വ്യാപകമായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നഗരസഭാ വ്യവസ്ഥകൾ പരിഷ്‌കരിക്കൽ എന്നിവ ഇതിൽ പെടുന്നു. സുതാര്യതാ നിലവാരം ഉയർത്താനും സാങ്കേതിക പോംവഴികൾ പ്രോത്സാഹിപ്പിക്കാനും വിദേശ തൊഴിലാളികളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനും പ്രാദേശിക മാനവ വിഭവശേഷി കാര്യക്ഷമത ഉയർത്താനും നിയമങ്ങൾ പരിഷ്‌കരിക്കാനും സമൂഹത്തെ ബിനാമി ബിസിനസ് പ്രവണതയുടെ അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും എല്ലാവർക്കും ആകർഷകവും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഒരുക്കാനും മറ്റും ബിനാമി ബിസിനസ് വിരുദ്ധ തന്ത്രത്തിലൂടെ ബന്ധപ്പെട്ട വകുപ്പുകൾ ലക്ഷ്യമിടുന്നു. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ മുപ്പതു ശതമാനം പാരിതോഷികമായി കൈമാറുന്നുണ്ട്. ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടനുബന്ധിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ 180 ദിവസത്തെ സാവകാശവും അനുവദിച്ചു. ഇത് ഓഗസ്റ്റ് 23 ന് അവസാനിക്കും. മറ്റു വകുപ്പുകളിൽ നിന്നുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാകാതെ നോക്കുന്നതിന്, നിയമ ലംഘകർ പദവി ശരിയാക്കൽ പ്ലാറ്റ്‌ഫോമിൽ നൽകുന്ന വിവരങ്ങൾ മറ്റൊരു വകുപ്പുകളുമായും പങ്കുവെക്കില്ല.

Tags

Latest News