കൊച്ചി- തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നതില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി നടി രമ്യ സുരേഷ്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ആണ് രമ്യയുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്തു വന്നു.
കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് രമ്യ.
![]() |
പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍ |
തന്റെ പരിചയത്തിലുള്ള ആളാണ് ഈ വീഡിയോയെ പറ്റി പറയുന്നതെന്നും തനിക്ക് അത് അയച്ചുതന്നതെന്നും രമ്യ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വീഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ചിത്രം കണ്ടാല്‍ തന്നെ പോലെയിരിക്കുന്നുവെന്നും ഉടന്‍തന്നെ നാട്ടിലെ പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ പറയുന്നു.
'അവര്‍ പറഞ്ഞത് വച്ച് ആലപ്പുഴ എസ്.പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു അന്ന് എന്റേത്. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വീഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്ര പേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലേ കുടുംബം.
സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. ആ വീഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.
ഈ വീഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, സിനിമക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള വ്യക്തി അല്ല ഞാന്‍. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയക്കുന്നവരും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവര്‍ അത് മാറ്റിവെക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്, അന്വേഷണം നടക്കുന്നുണ്ട്. കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. ദയവായി ഇനിയും എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്. അത്രയും തകര്‍ന്നൊരു മനസുമായാണ് ഞാന്‍ നില്‍ക്കുന്നത്... രമ്യ പറയുന്നു.