Sorry, you need to enable JavaScript to visit this website.

കാറ്റിലും മഴയിലും മധ്യകേരളത്തിൽ കനത്ത നാശം, അണക്കെട്ടുകൾ തുറന്നു

എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിൽ കടൽക്ഷോഭത്തെ തുടർന്ന് ഭീതിയിലായ ജനങ്ങളെ വീടുകളിൽനിന്ന് നാവികസേനയുടെ സഹായത്തോടെ സെന്റ് മേരീസ് ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നു.

കൊച്ചി- ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തിലെ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വ്യാപകമായ നഷ്ടം.
ഇടുക്കി, എറണാകുളം ജില്ലയിലെ മലയോരമേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. എറണാകുളം ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരമേഖലകളിൽ കടലാക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹൈറേഞ്ച് മേഖലയിൽ കാറ്റിലും മഴയിലുമായി മരംവീണ് ഒട്ടേറെ വീടുകൾ തകർന്നു. ഇടുക്കിയിലെ കാർഷിക ഗ്രാമമായ വട്ടവടയിൽ വലിയതോതിൽ കൃഷി നശിച്ചു. ഇവിടെ പത്തിലധികം വീടുകളാണ് തകർന്നത്. അടിമാലി-മൂന്നാർ റോഡിൽ മണ്ണിടിച്ചിലുണ്ടായി. എറണാകുളത്ത് അങ്കമാലിയിലുൾപ്പടെ മണ്ണിടിച്ചിൽ മൂലം വലിയ നാശനഷ്ടങ്ങളുണ്ടായി.

 

ഇവിടെ നിർത്തിയിട്ട ടാങ്കർലോറി മണ്ണിടിഞ്ഞ് തകർന്നു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ മട വീഴ്ചയുണ്ടായി. മംഗലം, മാണിക്യമംഗലം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. എറണാകുളം ജില്ലയിൽ ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായ മേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കിൽ 17 ക്യാമ്പുകളും കണയന്നൂർ താലൂക്ക് പരിധിയിൽ രണ്ട് ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് തുറന്നത്. ആകെ 143 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കണയന്നൂരിൽ 20 കുടുംബങ്ങളും കൊച്ചിയിൽ 143 കുടുംബങ്ങളും ക്യാമ്പിലുണ്ട്. 279 പുരുഷന്മാരും 273 സ്ത്രീകളും 101 കുട്ടികളുമടക്കം 653 ആളുകൾ ക്യാമ്പുകളിലുണ്ട്.


ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. ലോവർ പെരിയാർ അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ നേര്യമംഗലം മുതൽ ഭൂതത്താൻകെട്ട് വരെ പെരിയാറിൽ ജലവിതാനം ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നിറഞ്ഞതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ചില ഷട്ടറുകൾ ഭാഗികമായി ഉയർത്തി ജലം തുറന്നു വിട്ടിരുന്നു. 


എന്നാൽ കല്ലാർ കൂട്ടി അണെക്കെട്ടിന്റെ ഒരു ഷട്ടറും തൊട്ടടുത്തേ ലോവർപെരിയാറിലെ നാല് ഷട്ടറുകളുംകൂടി തുറന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ട്. പൂയം കൂട്ടി ആറിലേയും ഇടമലയാറിൽ വൈദ്യുത ഉൽപാദനം കഴിഞ്ഞു തുറന്നു വിടുന്ന വെള്ളവും ഒഴുകി എത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നും ഒഴുകി എത്തുന്ന വെള്ളവും വീണ്ടും കല്ലാർ കൂട്ടി അണെക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ ഭൂതത്താൻകെട്ടിലെ ജലവിതാനം വൻ തോതിൽ ഉയരാനാണ് സാധ്യത. മൺസൂൺ എത്തും മുമ്പേ മലങ്കര ഡാമിൽ ജലനിരപ്പ് ക്രമപ്പെടുത്താനും 41.38 ൽ നിന്ന് 36.9 ലേക്ക് താഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിലുള്ളത് ആകെ സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമാണുള്ളതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. 3,532 ദശലക്ഷം ഖനമീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടുകളിലുള്ളത് ഇപ്പോൾ 1131.6 ദശലക്ഷം ഖനമീറ്റർ വെള്ളമാണുള്ളത്. മഴ പെയ്താൽ പെട്ടെന്നു ജലനിരപ്പ് ഉയരുന്ന ചില ചെറിയ അണക്കെട്ടുകളുടെ ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളതെന്നും അവർ അറിയിച്ചു. ആലപ്പുഴ കായംകുളം (118 മി.മി), കൊച്ചി (209), കോട്ടയം വൈക്കം (135.8), ഇടുക്കി പീരുമേട്(208), മുന്നാർ (102) എന്നിവിടങ്ങളിലെല്ലാം ഇന്നലെ കനത്ത തോതിൽ മഴ രേഖപ്പെടുത്തി.

 

Latest News