Sorry, you need to enable JavaScript to visit this website.

മൂന്നാറിലെ സി.എസ്.ഐ ധ്യാനം: കർശന നടപടി വേണമെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്  

ഇടുക്കി- കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തിൽ സി.എസ്.ഐ സഭ ദക്ഷിണ കേരള മഹായിടവക വൈദികരുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന സഭാ ശുശ്രൂഷകരുടെ വാർഷിക ധ്യാനയോഗം മാനദണ്ഡങ്ങൾ ലംഘിച്ച് ആണെന്ന് ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട്. ദേവികുളം സബ് കലക്ടർ എസ്. പ്രേംകൃഷ്ണനാണ് ജില്ലാ കലക്ടർ എച്ച്. ദിനേശന് റിപ്പോർട്ട് നൽകിയത്. മൂന്നാർ വില്ലേജ് ഓഫീസറുടെയും ദേവികുളം തഹസിൽദാരുടെയും റിപ്പോർട്ടുകൾ സബ് കലക്ടർ ശരിവെക്കുന്നു. ധ്യാനത്തിന്റെ സംഘാടകർക്കും മൂന്നാറിലെ ചർച്ച് അധികൃതർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.  
ഏപ്രിൽ 13 മുതൽ 17 വരെയാണ് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ 480 വൈദികർ പങ്കെടുത്ത വാർഷിക ധ്യാനം മൂന്നാറിലെ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ നടന്നത്. പിന്നാലെ നൂറിലധികം വൈദികർക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വിശ്വാസികൾ തന്നെ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയാണ് വിഷയം പുറംലോകമറിയുന്നത്. തുടർന്ന് ധ്യാനത്തിന്റെ സംഘാടകരെയും പങ്കെടുത്ത വൈദികരെയും ചർച്ച് അധികൃതരെയും പ്രതികളാക്കി മൂന്നാർ പോലീസ് കേസെടുത്തിരുന്നു.
ധ്യാനം നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഉടൻ റിപ്പോർട്ട് കൈമാറുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. സംഘാടകർക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. പുരോഹിതർക്ക് താമസ സൗകര്യം ഒരുക്കിയ സമീപത്തെ രണ്ട് ലോഡ്ജ് ഉടമകളും പ്രതികളാണ്. ഇത്തരത്തിൽ ആളുകളെത്തിയിട്ടും വിഷയം പോലീസിലടക്കം അറിയിക്കാൻ ഇവരും തയാറായില്ല. ഇവർക്കെതിരെ കൂടി കേസെടുക്കാൻ നിർദേശം നൽകുമെന്നും കലക്ടർ പറഞ്ഞു. 

Latest News