Sorry, you need to enable JavaScript to visit this website.

അബ്ദു ഇവിടെയുണ്ട്; പുൽപള്ളിയിൽ  തെരുവുനായകളും പൂച്ചകളും പട്ടിണിയാകില്ല

തട്ടുകട പരിസരത്തു പൂച്ചകൾക്കു പാൽ നൽകുന്ന അബ്ദു. 

പുൽപള്ളി- കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ എത്ര കഠിനമായാലും പുൽപള്ളിയിലെ തെരുവുനായകളും പൂച്ചകളും പട്ടിണിയാകില്ല. തെരുവിന്റെ ഭാഗമായ നായ്ക്കളും പൂച്ചകളും വയറൊട്ടി നടക്കാതിരിക്കാൻ ജാഗ്രതയുമായി തട്ടുകടക്കാരൻ അത്തിക്കുനി ചാലപ്പുറത്തു അബ്ദു ഇവിടെയുണ്ട്. രണ്ടാഴ്ച മുമ്പു കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പുൽപള്ളിയിൽ തട്ടുകടകൾ അടച്ചു. ഇതോടെ വിശപ്പകറ്റാൻ ഗതിയില്ലാതായ തെരുവുനായകൾക്കും പൂച്ചകൾക്കും അബ്ദു അത്തിക്കുനിയിലെ വീട്ടിൽനിന്നു ടൗണിലെത്തിയാണ് ഭക്ഷണം നൽകുന്നത്.  സമ്പൂർണ ലോക്ഡൗൺ നിലവിൽവന്ന ഇന്നലെ സാഹസപ്പെട്ടാണ് അബ്ദു ഭക്ഷണവുമായി അങ്ങാടിയിലെത്തിയത്. 
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ് 54 കാരനായ അബ്ദു. മൂന്നു പതിറ്റാണ്ടു മുമ്പു പുൽപള്ളിയിലെത്തിയതാണ്. വർഷങ്ങളായി മേലേ അങ്ങാടിയിൽ തട്ടുകട നടത്തിയാണ് ഉപജീവനം. 
അബ്ദുവിന്റേതടക്കം തട്ടുകടകളിലെ ആഹാരാവശിഷ്ടങ്ങൾ കഴിച്ചു വിശപ്പകറ്റിയിരുന്ന തെരുവുനായ്ക്കളും പൂച്ചകളും കുറവല്ല. തന്റെ തട്ടുകടയ്ക്കു പരിസരത്തു ചുറ്റിത്തിരിയുന്ന നായ്ക്കളെയും പൂച്ചകളെയും അബ്ദു ഒരിക്കലും ശല്യമായി കാണുകയോ ആട്ടിയകറ്റുകയോ ചെയ്തിട്ടില്ല. 
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തെത്തുടർന്നു തട്ടുകട പൂട്ടി വീട്ടിലെത്തിയ അബ്ദുവിനെ നായ്ക്കളും പൂച്ചകളും എങ്ങനെ ജീവിക്കുമെന്ന ചിന്ത അലട്ടി. ഇതേത്തുടർന്നാണ് ദിവസവും രാവിലെ ആഹാരവുമായി അദ്ദേഹം അങ്ങാടിയിൽ തട്ടുകടയ്ക്കടുത്തു എത്താൻ തുടങ്ങിയത്. തട്ടുകട പരിസരത്തു അബ്ദുവിനെ കാത്തുകഴിയുന്ന നായ്ക്കളും പൂച്ചകളും ഇപ്പോഴത്തെ നഗരക്കാഴ്ചകളിൽ ഒന്ന്. 

Latest News