Sorry, you need to enable JavaScript to visit this website.

ലാ ലിഗ ആര്‍ക്ക്, ഈയാഴ്ച അറിയാം

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ കിരീടം ആര്‍ക്കെന്നതില്‍ ഈയാഴ്ച നിര്‍ണായക സൂചന ലഭിക്കും. മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണ നൗകാമ്പില്‍  ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കൊ മഡ്രീഡിനെ നേരിടുകയാണ്. ജയിച്ചാല്‍ ബാഴ്‌സലോണക്ക് ഒന്നാം സ്ഥാനം പിടിക്കാം. രണ്ടാം സ്ഥാനക്കാരായ റയല്‍ മഡ്രീഡ് നാളെ നാലാം സ്ഥാനക്കാരായ സെവിയയുമായി ഏറ്റുമുട്ടും. പിന്നീട് മൂന്ന് റൗണ്ട് മത്സരങ്ങളേ അവശേഷിക്കുന്നുള്ളൂ. 
അത്‌ലറ്റിക്കോയെ തോല്‍പിച്ചാല്‍ ബാഴ്‌സലോണക്ക് ഒരു പോയന്റ് മുന്നിലെത്താം. സെവിയയെ കീഴടക്കിയാല്‍ റയലിനും ബാഴ്‌സലോണക്കൊപ്പമെത്താം. അതേസമയം അത്‌ലറ്റിക്കോയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ അഞ്ച് പോയന്റ് ലീഡുമായി കിരീടം ഏതാണ്ടുറപ്പാക്കും. മറ്റേതു ഫലവും കൂടുതല്‍ നാടകീയ പോരാട്ടങ്ങള്‍ക്കാണ് വഴി വെക്കുക. ആദ്യ നാലു ടീമുകള്‍ തമ്മിലുള്ള കഴിഞ്ഞ 10 മത്സരങ്ങളില്‍ പകുതിയിലും അപ്രതീക്ഷക്ഷിത ഫലങ്ങളാണ് ഉണ്ടായത്. ഏറ്റവും നാടകീയം എട്ടാം സ്ഥാനക്കാരായ ഗ്രനാഡ നൗകാമ്പില്‍ ബാഴ്‌സലോണയെ അട്ടിമറിച്ചതാണ്.  
മൂന്നു മാസത്തോളം അത്‌ലറ്റിക്കൊ ബഹുദൂരം മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ ലീഡ് രണ്ടക്കത്തിലേക്ക് കടന്നു. പിന്നീട് എല്ലാ ടീമുകളും പരുങ്ങി. എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പിച്ച ശേഷം റയല്‍ മഡ്രീഡിന് നാലു മത്സരങ്ങളില്‍ രണ്ടെണ്ണമെ ജയിക്കാനായുള്ളൂ. 

Latest News