Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗില്‍ 'മോക്ക് ഫൈനല്‍'

ലണ്ടന്‍ - ഈ മാസം 29 ന് യൂറോപ്പിലെ ചാമ്പ്യന്‍ ടീമാവാന്‍ ഇസ്താംബൂളില്‍ കൊമ്പുകോര്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും അതിന്റെ ഡ്രസ് റിഹേഴ്‌സലായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടുന്നു. ഇതിന് മുമ്പ് ഇതേ ടീമുകള്‍ മറ്റൊരു പ്രധാന മത്സരത്തില്‍ മുഖാമുഖം വന്നിരുന്നു, എഫ്.എ കപ്പ് സെമി ഫൈനലില്‍. അതില്‍ ചെല്‍സിക്കായിരുന്നു ജയം, 1-0 ന്. 
സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാവുന്നത് തടുക്കാന്‍ ചെല്‍സിക്കു സാധിക്കണമെന്നില്ല. എന്നാല്‍ ഇന്ന് വിജയം തടഞ്ഞാല്‍ സിറ്റിക്ക് കിരീടത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരും. പത്തു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണ് സിറ്റിയെ കാത്തിരിക്കുന്നത്. അബുബാദിയുടെ പണമാണ് സിറ്റിയെ അടിമുടി മാറ്റിയതെങ്കില്‍ കോച്ചായി തോമസ് ടുഹേലിന്റെ വരവാണ് ചെല്‍സിക്ക് പുതുജീവന്‍ നല്‍കിയത്. ഫ്രാങ്ക് ലംപാഡിന്റെ കീഴിലെ മോശം പ്രകടനത്തിന്റെ ആഘാതത്തില്‍ നിന്ന് ചെല്‍സി ഇതുവരെ കരകയറിയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും അവര്‍ നാലാം സ്ഥാനത്താണ്. സിറ്റിയെ അവരുടെ തട്ടകത്തില്‍ നേരിടുന്നതിന് പുറമെ ആഴ്‌സനലുമായും ലെസ്റ്ററുമായും ചെല്‍സിക്ക് ഏറ്റുമുട്ടേണ്ടതുണ്ട്. 
എഫ്.എ കപ്പില്‍ നേരിട്ട സിറ്റിയായിരിക്കില്ല ഇന്ന് ചെല്‍സിക്കെതിരെ ഇറങ്ങുക. ചാമ്പ്യന്‍സ് ലീഗിന് പ്രാധാന്യം നല്‍കിയതിനാല്‍ എഫ്.എ കപ്പ് സെമിയില്‍ നിരവധി യുവ കളിക്കാരെയാണ് കോച്ച് പെപ് ഗാഡിയോള ഇറക്കിയത്.  
ഫുള്‍ഹമും വെസ്റ്റ്‌ബ്രോംവിച്ചും തരംതാഴ്ത്തലിന്റെ വക്കിലാണ്. ഈയാഴ്ച തോറ്റാല്‍ അവയുടെ കാര്യം തീരുമാനമാവും. ആഴ്‌സനലുമായാണ് വെസ്റ്റ്‌ബ്രോമിന്റെ മത്സരം. ഫുള്‍ഹമിന് കളിക്കേണ്ടത് ബേണ്‍ലിയുമായും. 

Latest News