Sorry, you need to enable JavaScript to visit this website.

ഒമാനിൽ നാശം വിതച്ച് ശക്തമായ കാറ്റും മഴയും 

ഒമാനിൽ കനത്ത മഴയെ തുടർന്ന് കടപുഴകി വീണ മരങ്ങൾ.

മസ്‌കത്ത്- കനത്ത കാറ്റും മഴയും ഒമാനിൽ വ്യാപക നാശം വിതച്ചു. പലയിടത്തും വാർത്താ വിനിമയ സംവിധാനങ്ങളെയും വൈദ്യുതിയെയും പേമാരി ബാധിച്ചു. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിൽ വാർത്താ വിനിമയ സൗകര്യങ്ങൾ താറുമാറായി. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് ദുരിതം വിതച്ചു. അൽ ഖബൂറ, സഹം, അൽസുവൈഖ്, സീബ് എന്നിവിടങ്ങളിൽ കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴയത്ത് വാഹനങ്ങളുമായി പുറത്തിറങ്ങന്നത് പരമാവധി ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 

നിരവധി കൃഷി സ്ഥലങ്ങൾക്കും ഈത്തപ്പനകൾക്കും നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഏതാനും ദിവസം കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പലയിടത്തും ഇടിയോട് കൂടിയാണ് മഴ പെയ്തത്. മുസന്ദം, അൽദാഖിലിയ്യ, മസ്‌കത്ത് ഗവർണറേറ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവത മേഖലയിലും കാര്യമായി മഴ പെയ്തു. താഴ്‌വാരങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. നാളെ വരെ ഈ അവസ്ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. മത്സ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് കാർഷിക, മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. താഴ്‌വാരങ്ങൾ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഈ പ്രദേശങ്ങളിൽ കാഴ്ച കാണാൻ പോകരുതെന്നും അതിവർഷത്തിൽ അപകടം സംഭവിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു. 

റോഡുകളിൽ പലതും വെള്ളം മൂടിയിരിക്കുകയാണ്. ഒമാനിലെ ഈ പെരുന്നാൾ മഴയിൽ കുളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വെള്ളം കയറി അൽദഖ്‌നിയയിലെയും അൽബാതിനയിലെയും ഷോപ്പുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വൈദ്യുതിയും റോഡ് ഗതാഗതവും വാർത്താ വിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ചില പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. 15 നഗരങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് വിവരം. നിരവധി കുടുംബങ്ങളെ പ്രളയ ബാധിത പ്രദേശങ്ങളിൽനിന്ന് മാറ്റി പാർപ്പിച്ചതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും കൂടി വന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  

Tags

Latest News