Sorry, you need to enable JavaScript to visit this website.

പെരുന്നാൾ ദിനങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

തുറൈഫ് - ചെറിയ പെരുന്നാൾ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉത്തര അതിർത്തി പ്രവിശ്യാ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ നിർദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കണം. മാർക്കറ്റുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല പള്ളികളിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. നിലവിൽ ഉത്തര അതിർത്തി പ്രവിശ്യയിൽ രോഗബാധ കുറവാണ്. ദിനംപ്രതി 13,14,15 എന്നീ തോതിലാണ് കോവിഡ് ബാധയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.
എങ്കിലും റമദാൻ ആദ്യാവസാനം പള്ളികളിൽ ജനങ്ങൾ എത്തുന്നതിനാൽ പരിശോധന കർക്കശമാക്കിയിട്ടുണ്ട്. രാത്രിയിൽ തറാവീഹ് നമസ്‌കാരം അരമണിക്കൂറിലധികം വൈകിപ്പിച്ചു ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷാവിഭാഗം കൂടെക്കൂടെ പരിശോധിക്കുന്നു. തറാവീഹ് നമസ്‌കാരം വൈകിപ്പിച്ചാൽ സമയം കഴിഞ്ഞും പള്ളിയിൽ ആളുകൾ ഉണ്ടെങ്കിൽ നിരീക്ഷകൻ ഫോട്ടോ സഹിതം ഇസ്‌ലാമിക മന്ത്രാലയ മേധാവിക്ക് പെട്ടെന്ന് തന്നെ റിപ്പോർട്ട് നൽകും. കോവിഡിനെ നേരിടാൻ എല്ലാ അർത്ഥത്തിലും കർശനമായ പരിശോധനയാണ് പ്രവിശ്യയിൽ നടപ്പിലാക്കുന്നത്.

Tags

Latest News