Sorry, you need to enable JavaScript to visit this website.

കോവിഡ്: ഇരുട്ടില്‍ തപ്പി ബോര്‍ഡ്‌

ന്യൂദല്‍ഹി - ഐ.പി.എല്ലില്‍ ജൈവകവചം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ്‌ ഗാംഗുലി തള്ളി. പ്രൊഫഷനലുകള്‍ക്കു തന്നെയാണ് അതിന്റെ നിയന്ത്രണം ഏല്‍പിച്ചത്. എന്നാല്‍ മഹാമാരിയെ പൂര്‍ണമായി തടുക്കാന്‍ ഒരു സ്‌പോര്‍്ടസിനും സാധിക്കില്ല. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ മാഹാമാരി രൂക്ഷമായപ്പോള്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലും കളിക്കാര്‍ക്ക് രോഗം ബാധിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ കളിക്കാര്‍ പോസിറ്റിവായി. മത്സരങ്ങള്‍ മാറ്റി വെക്കേണ്ടി വന്നു. അവരുടെ സീസണ്‍ ആറ് മാസം നീണ്ടതായതിനാല്‍ അവര്‍ക്ക് അത് വലിയ പ്രശ്‌നമായില്ല. ഞങ്ങളുടേത് ചെറിയ കാലയളവില്‍ വിശ്രമമില്ലാത്ത മത്സരങ്ങളാണ്. അതു കഴിഞ്ഞ് കളിക്കാരെ അതാത് രാജ്യങ്ങളുടെ മത്സരങ്ങള്‍ക്ക് വിട്ടുകൊടുക്കണം. അതിനാല്‍ മത്സരം മാറ്റിവെക്കുക പ്രയാസമാണ് - ഗാംഗുലി പറഞ്ഞു. 
ജൈവകവചത്തിനുള്ളില്‍ എങ്ങനെ കോവിഡ് കടന്നെത്തിയെന്ന് അറിയില്ലെന്നും ഇഴകീറി പരിശോധിക്കേണ്ടതുണ്ടെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ പറഞ്ഞു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള യാത്രയിലാവാം രോഗാണു കടന്നെത്തിയത്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. ട്വന്റി20 ലോകകപ്പിന് മുമ്പ് ടൂര്‍ണമെന്റിന്റെ ബാക്കി ഭാഗം നടത്താന്‍ ശ്രമിക്കുമെന്നും ഗാംഗുലി വെളിപ്പെടുത്തി. വിവിധ ബോര്‍ഡുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാവധാനം ഈ വിഷയങ്ങള്‍ പരിഗണിക്കും. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ചുരുങ്ങിയത് 2500 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് ഗാംഗുലി വെളിപ്പെടുത്തി. 

Latest News