Sorry, you need to enable JavaScript to visit this website.

മൂന്നാം തരംഗം വരുന്നു, ലോകകപ്പ് വേദി മാറ്റം ഉറപ്പ്

മുംബൈ - ഒക്ടോബറിലും നവംബറിലുമായി നടക്കേണ്ട ട്വന്റി20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത മാസം കൈക്കൊള്ളും. ജൂണില്‍ ഐ.സി.സി യോഗമുണ്ട്. ടൂര്‍ണമെന്റിന് അഞ്ചു മാസത്തോളം ബാക്കിയുണ്ടെങ്കിലും ഇന്ത്യയില്‍ നടത്തിയാല്‍ എത്ര ടീമുകള്‍ പങ്കെടുക്കുമെന്ന് കണ്ടറിയണം. മാത്രമല്ല നവംബറില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് രാജ്യം സാക്ഷിയാവുമെന്ന ഭീതിയുമുണ്ട്. അതിനാല്‍ ബി.സി.സി.ഐക്കു പോലും ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താനുള്ള ആത്മവിശ്വാസമുണ്ടാവില്ല. ട്വന്റി20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സലായാണ് ഐ.പി.എല്‍ ഈ സീസണില്‍ ഇന്ത്യയില്‍ നടത്തിയത്. ഇന്ത്യ സജ്ജമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അത് അതിശക്തമായി തിരിച്ചടിച്ചു. നിരവധി കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. 
ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് മാറ്റുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ബി.സി.സി.ഐ ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോവുമ്പോള്‍ ഇതുപോലൊരു ടൂര്‍ണമെന്റ് രാജ്യത്ത് നടത്തുന്നതിന്റെ അസാംഗത്യവും ബി.സി.സി.ഐയെ അലട്ടുന്നു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍മാരെ വെച്ച് സാഹസത്തിന് ഐ.സി.സിയും മുതിരില്ല. യു.എ.ഇയില്‍ മൂന്നു ഗ്രൗണ്ടുകളിലായി ടൂര്‍ണമന്റ് നടത്താമെന്നതാണ് ഏറ്റവും വലിയ ഗുണം. യാത്ര പരമാവധി കുറക്കാം. വിമാനയാത്ര തീരെയില്ല. വിമാനയാത്ര തുടങ്ങിയതോടെയാണ് ഐ.പി.എല്ലിലും കോവിഡ് പ്രത്യക്ഷപ്പെട്ടത്.  ഇന്ത്യയില്‍ വിമാനയാത്രയില്ലാതെ ഒരു വേദിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്താനാവില്ല. 

Latest News