Sorry, you need to enable JavaScript to visit this website.

കാരുണ്യത്തിന്റെ മാസം: ഫീസുകളിലും  പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ

ദുബായ് - വിശുദ്ധ റമദാൻ വന്നെത്തിയതോടെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകി യു.എ.ഇ അധികൃതർ. ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധ റമദാനിൽ വിവിധ എമിറേറ്റുകൾ ജനങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയും റമദാനും മുൻനിർത്തിയാണ് ഇളവുകൾ. 
ട്രാഫിക് പിഴകളിൽ വിവിധ എമിറേറ്റുകൾ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. വൈദ്യുതി, ജല, പാചകവാതക ബില്ലുകളിൽ ഷാർജ ഇളവ് പ്രഖ്യാപിച്ചു. പിഴ കൂടാതെ ബില്ല് അടക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. കോവിഡ് കാരണം പ്രയാസം അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണിത്. 100 ദിർഹത്തിൽ താഴെ ബില്ല് അടക്കാനുള്ളവർക്ക് ഒരു മാസവും 1,000ൽ താഴെ ബില്ലുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. അബുദാബിയിൽ ഹോട്ടൽ, ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഫീസുകൾ ഒഴിവാക്കി. ജൂൺ 30 വരെ ഈ ഇളവ് ബാധകമാണ്. ഈ മേഖലകളെ കോവിഡ് സാരമായി ബാധിച്ചതാണ് ഇളവ് പ്രഖ്യാപിക്കാൻ കാരണം. 


റാസൽഖൈമയിൽ പാരിസ്ഥിതിക പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. മാലിന്യം നിക്ഷേപിക്കുക, പൊതുസ്ഥലത്ത് തുപ്പുക തുടങ്ങിയ കുറ്റങ്ങൾക്ക് നൽകിയിരുന്ന പിഴകളിലാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് ഈ റമദാനിൽ യു.എ.ഇ രാജ്യത്തിനകത്തും പുറത്തുമായി വിതരണം ചെയ്യുന്നത്. ശിക്ഷാ ഇളവ് നൽകി തടവുകാരെ വിട്ടയക്കുന്നതിനും പദ്ധതിയുണ്ട്. ഭക്ഷണപ്പൊതി വിതരണവുമായി ബന്ധപ്പെട്ട കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് ആണ് ഇതിന് നേതൃത്വം നൽകുന്നത്. നിർധനരായ ആളുകൾക്ക് കാരുണ്യ വർഷം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 


തടവുകാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി 700 പേർക്കാണ് യു.എ.ഇയിൽ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് വിശുദ്ധ റമദാൻ പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കുന്നതിന് തുടക്കമിട്ടത്. 439 തടവുകാരെ മോചിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 
ഇദ്ദേഹത്തിന് പിന്നാലെ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 260 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് 55 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശിക്ഷാ കാലയളവിലെ നല്ല നടപ്പ് പരിഗണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. 


 

Tags

Latest News