Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ ഇഫ്താർ വിതരണം  ചെയ്യാൻ കഴിയാത്ത സങ്കടത്തിൽ ഫായിസ്

മദീന - പ്രവാചക പള്ളിയിൽ ഈ വർഷവും ഇഫ്താർ വിതരണം ചെയ്യാൻ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് സൗദി പൗരൻ ഫായിസ് ആയിശ്. മുപ്പത്തിയഞ്ചു വർഷമായി മുടങ്ങാതെ മസ്ജിദുന്നബവിയിൽ ഇഫ്താർ സുപ്ര ഒരുക്കിയ ആയിശിന് ലോകത്തെയാകമാനം നിശ്ചലമാക്കിയ കൊറോണ മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യം മൂലം കഴിഞ്ഞ വർഷം ഇഫ്താർ വിതരണത്തിന് സാധിച്ചിരുന്നില്ല. 
മഹാമാരി നീങ്ങി ഈ കൊല്ലം ഇഫ്താർ വിതരണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും രോഗവ്യാപനം ശക്തമായി തുടരുന്നതിനാൽ ഇത്തവണയും ഇഫ്താർ വിതരണത്തിന് അവസരമുണ്ടായില്ല. വിശ്വാസികളുടെയും മസ്ജിദുന്നബവിയിൽ സിയാറത്ത് നടത്തുന്നവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയും പൊതുതാൽപര്യം കണക്കിലെടുത്തുമാണ് അധികൃതർ ഇഫ്താർ വിതരണം വിലക്കിയതെന്ന് ഫായിസ് പറയുന്നു. 
ഇത് ഒരു ഇഫ്താർ മാത്രമല്ല. പ്രവാചക പള്ളിയിലെ സ്ഥലത്തിന്റെ സൗന്ദര്യവും ചൈതന്യവും അനുഭവപ്പെടുന്ന ഒരു ആത്മീയാനുഭൂതിയാണിത്. ദീർഘകാലമായി പ്രവാചക പള്ളിയുമായി മനസ്സും ആത്മാവും ഒട്ടിപ്പിടിച്ചുകിടക്കുന്നവർക്കു മാത്രമേ ഈ ആത്മീയാനുഭൂതി അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ. വിശുദ്ധ റമദാനിൽ നമസ്‌കാരങ്ങൾക്കു മാത്രമല്ല മസ്ജിദുന്നബവിയിൽ എത്തുക. പ്രവാചക പള്ളിയിലെ ഖുബാ ഗെയ്റ്റിനു സമീപം ഇഫ്താർ സുപ്ര തയാറാക്കുന്നതിന് വളരെ നേരത്തെ താൻ എത്തും. മസ്ജിദുന്നബവിയിൽ സിയാറത്ത് നടത്തുന്ന, അഷ്ട ദിക്കുകളിൽ നിന്നുമുള്ള വിശ്വാസികൾക്കൊപ്പം താനും ഇഫ്താർ കഴിക്കുയായിരുന്നു മുപ്പത്തിയഞ്ച് വർഷമായി മുടങ്ങാത്ത പതിവ്. ഇപ്പോൾ കൊറോണ മഹാമാരി മൂലം സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കുന്നു.
മസ്ജിദുന്നബവിയിൽ ഇഫ്താർ സുപ്രകൾ വിലക്കാനുള്ള തീരുമാനം യുക്തിസഹവും പൊതുതാൽപര്യം ആവശ്യപ്പെടുന്നതുമാണ്. മഹാമാരി വ്യാപനത്തിൽ നിന്ന് വിശ്വാസികളെ കാത്തുസൂക്ഷിക്കാൻ ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണ്. സ്വദേശികളുടെയും വിദേശികളുടെയും ജീവൻ രക്ഷിക്കാൻ സഹായകമായ മുഴുവൻ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ദശകങ്ങളായി മുഴുവൻ നിർബന്ധ നമസ്‌കാരങ്ങൾക്കും മുടങ്ങാതെ പ്രവാചക പള്ളിയിൽ ഹാജരായിരുന്ന ഫായിസ് ആയിശ് പറയുന്നു.

Latest News