Sorry, you need to enable JavaScript to visit this website.

കുത്തേറ്റു മരിച്ച പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്- സുലൈയിൽ താമസ സ്ഥലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കുത്തേു മരിച്ച നിലയിൽ കാണപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവർത്തകർ നാട്ടിലെത്തിച്ചു. കൊൽകത്ത ജിബ നഗർ സ്വദേശി ബിജോയ് മണ്ടലി (28) ന്റെ മൃതദേഹമാണ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.
മൂന്നു മാസം മുമ്പാണ് കൊലപാതകം നടന്നത്. ആളൊഴിഞ്ഞ കോമ്പൗണ്ടിൽ ഒരു മൃതദേഹം കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തുകയും അഴുകിയ നിലയിലായിരുന്ന മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹത്തിന്റെ നെഞ്ചിലും വയറ്റിലും കുത്തേറ്റിരുന്നു. സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടി മരണത്തിൽ കലാശിച്ചതാണെന്നും മൂന്ന് ഇന്ത്യക്കാരെയും രണ്ട് ബംഗ്ലാദേശികളെയും അന്വേഷണ വിധേയമായി പിടികൂടുകയും പിന്നീട് ഒരു ഇന്തൃക്കാരനെ വിട്ടയക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
വിഷയത്തിൽ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത മുസ്‌ലിം ലീഗ് ഘടകം നേതാവ് അബു ഹുസൈനും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി എംബസിയിൽ വിവരം നൽകി. അപ്പോഴാണ് മരിച്ച ബിജോയിയുടെ സഹോദരന്റെ കുടുംബം ഇദ്ദേഹത്തെ കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന പരാതി എംബസിയിൽ നൽകിയ വിവരം അറിയുന്നത്.
പോലീസിൽ നിന്നും റിയാദ് ഇന്ത്യൻ എംബസിയിൽ നിന്നും കിട്ടിയ വിവരങ്ങൾ കൊൽക്കത്തയിലെ കുടുംബത്തെ അറിയിക്കുകയും ഈ വിഷയത്തിൽ ഇടപെടാൻ കുടുംബം അനുവാദം നൽകുകയും ചെയ്തു. രേഖകൾ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയതാണെന്ന് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും നൽകിയതോടെയാണ് പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാനായത്. നാട്ടിലയക്കുന്നതിനുള്ള സാമ്പത്തിക സഹായവും എംബസി നൽകി. മാതാപിതാക്കളുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് എമിറേറ്റ്‌സ്  വിമാനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. കുടുംബത്തിന് നീതി കിട്ടും വരെ ഈ വിഷയവുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് മുന്നോട്ട് പോകുമെന്ന് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കലും അറിയിച്ചു.
 

Tags

Latest News