Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി വനിതാ വിംഗിന്റെ കാരുണ്യ  ചിറകിലേറി എബ്രഹാമും ഭാര്യയും നാടണഞ്ഞു

റിയാദ്- നിയമ പ്രശ്‌നങ്ങൾ കാരണം വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശികളായ എബ്രഹാം അച്ചായനും (61), ഭാര്യ ഏലിയാമ്മയും (52) റിയാദ് കെ.എം.സി.സി വനിതാ വിംഗിന്റെ കാരുണ്യ ചിറകിലേറി നാടണഞ്ഞു. പതിനെട്ട് കൊല്ലമായി റിയാദിലുള്ള എബ്രഹാം ഒരു സൗദി വനിതയുടെ കീഴിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ 2018 ൽ സ്‌പോൺസർഷിപ്പ് മാറാൻ അവർ ആവശ്യപ്പെട്ടു. പല രീതിയിലുള്ള അന്വേഷണത്തിനൊടുവിൽ ഒരു മലപ്പുറം സ്വദേശിയെ പരിചയപ്പെട്ടു. 
അയാളുടെ സൗദിയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറാമെന്നും പുതുതായി ഒരു കട തുറക്കാമെന്നും ഇയാൾ അറിയിച്ചു. ഇതെല്ലാം വിശ്വസിച്ച് ഭീമമായ ഒരു തുക അയാൾക്ക് നൽകുകയും ചെയ്തു. പിന്നീട് അയാളെ കുറിച്ച് ഒരു വിവരവും കിട്ടതായപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് എബ്രഹാം മനസ്സിലാക്കുന്നത്. രണ്ട് വർഷത്തോളമായി ഇഖാമ പുതുക്കാൻ കഴിയാത്തത് കൊണ്ട് ജോലിക്ക് പോകാൻ സാധിക്കാതെ വരികയും ജീവിതം വലിയ പ്രതിസന്ധിയിലുമായി. ഇടക്ക് നിയമവിരുദ്ധമായി ചെറിയ ജോലികൾ ചെയ്താണ് പട്ടിണി കിടക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ബത്ഹയിലെ താമസ മുറിക്ക് വാടക നൽകാൻ കഴിയാതായതോടെ മുറി നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായി. 
വാടക കുടിശ്ശികക്ക് നിരന്തരം വീട്ടുടമ ബന്ധപ്പെടുവാനും തുടങ്ങി. കൊറോണയുടെ വ്യാപനം കൂടിയായപ്പോൾ എല്ലാ നിലക്കും പ്രയാസത്തിലായി. ലോക്ക്ഡൗൺ സമയത്ത് കെഎംസിസി നൽകിയ ഭക്ഷണക്കിറ്റും തൊട്ടടുത്തുള്ള തമാസക്കാരുടെ സഹായവും കൊണ്ടാണ് ജീവിതം മുന്നോട്ട് പോയത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ കഴിയുമോ എന്നന്വേഷിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫയെ എബ്രഹാം ബന്ധപ്പെടുന്നത്. അദ്ദേഹമാണ് ഇവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ വനിതാ വിംഗിനെ ചുമതലപ്പെടുത്തുന്നത്. ഉടനെ തന്നെ ഭാരവാഹികൾ അവരെ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു. 
എംബമ്പസിയുമായി ബന്ധപ്പെട്ട് അവർക്ക് നാടണയാനുള്ള നിയമ സഹായങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമിക്കുകയും അവർക്ക് ആവശ്യമായ പണം കണ്ടെത്തുവാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. ഏകദേശം പതിനായിരം റിയാൽ ഇഖാമ പുതുക്കാത്തത് കാരണമുള്ള പിഴ ഇനത്തിലും നാട്ടിലേക്ക് പോകുവാനുള്ള ചെലവും കണ്ടെത്തേണ്ടിയിരുന്നു. വനിതാ കെഎംസിസി ഭാരവാഹികളുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ വഴി അവരുടെ സാമ്പത്തിക ബാധ്യത തീർക്കുകയും കഴിഞ്ഞ ദിവസം യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ, റിയാദ് വനിതാ കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ചെയർപേഴ്സൺ ഖമറുന്നീസ മുഹമ്മദ്, ട്രഷറർ നുസൈബ മാമു, ഭാരവാഹികളായ ഹസ്ബിന നാസർ, സൗദ മുഹമ്മദ്, ഫസ്ന ഷാഹിദ്, സാറ നിസാർ, നജ്മ ഹാഷിം, ഷഹർബാൻ മുനീർ എന്നിവരാണ് ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
 

Tags

Latest News