Sorry, you need to enable JavaScript to visit this website.

ലാസ്റ്റ് ക്ലാസിക്കോയില്‍  മെസ്സിക്ക് നിരാശ്

മഡ്രീഡ് - അവസാനത്തേതായിരിക്കുമെന്ന് പലരും കരുതുന്ന ക്ലാസിക്കോയില്‍ ലിയണല്‍ മെസ്സിയെ തളച്ച് റയല്‍ മഡ്രീഡ്. ബാഴ്‌സലോണയെ 2-1 ന് തോല്‍പിച്ച് റയല്‍ മഡ്രീഡ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് നാല് ദിവസം പിന്നിടും മുമ്പാണ് റയല്‍ മറ്റൊരു മിന്നുന്ന വിജയം പൂര്‍ത്തിയാക്കിയത്. 
കനത്ത മഴയില്‍ നടന്ന കളിയിലാണ് ബാഴ്‌സലോണയുടെ 19 മത്സരങ്ങളിലെ ജൈത്രയാത്ര അവസാനിച്ചത്. തുടര്‍ച്ചയായ ഏഴാമത്തെ ക്ലാസിക്കോയിലും മെസ്സിക്ക് സ്‌കോര്‍ ചെയ്യാനായില്ല. ആദ്യ പകുതിയില്‍ കരീം ബെന്‍സീമയും ടോണി ക്രൂസും റയലിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. രണ്ടാം പകുതിയില്‍ ഓസ്‌കര്‍ മിന്‍ഗ്വേസയാണ് ബാഴ്‌സലോണയുടെ ഗോളടിച്ചത്. അവസാന വേളയില്‍ യുവ താരം ഇലയ്ക്‌സ് മോരിബയുടെ ഷോട്ട് ക്രോസ്ബാറിനിടിച്ചു മടങ്ങി. 
ഈ സീസണിന്റെ ആദ്യ ദിനങ്ങള്‍ക്കു ശേഷം റയല്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ഒരു ഘട്ടത്തില്‍ അത്‌ലറ്റിക്കൊ മഡ്രീഡിനെക്കാള്‍ 11 പോയന്റ് പിന്നിലായിരുന്നു അവര്‍. 
 

Latest News