Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: ഗുരുവിനെ തോല്‍പിച്ച് ശിഷ്യന് അരങ്ങേറ്റം

മുംബൈ - ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്തിന് വിജയത്തോടെ അരങ്ങേറ്റം. ശിഖര്‍ ധവാനും (54 പന്തില്‍ 85) പൃഥ്വി ഷായും (38 പന്തില്‍ 72) തമ്മിലുള്ള തകര്‍പ്പന്‍ ഓപണിംഗ് കൂട്ടുകെട്ട് മഹേന്ദ്ര ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ദല്‍ഹിക്ക് അനായാസ വിജയം സമ്മാനിച്ചു. സ്‌കോര്‍: ചെന്നൈ ഏഴിന് 188, ദല്‍ഹി 3-190
കറണ്‍ സഹോദരന്മാര്‍ ഇരുവശത്തായി അണിനിരന്ന മത്സരത്തില്‍ സാം കറണിനെതിരെ ടോം കറണിന്റെ കടന്നാക്രമണമാണ് ചെന്നൈയെ ഇരുനൂറിനോടടുപ്പിച്ചത്. തുടക്കത്തില്‍തന്നെ ഓപണര്‍മാര്‍ പുറത്തായി. റിതുരാജ് ഗെയ്കവാദിനെ (5) ക്രിസ് വോക്‌സും ഫാഫ് ഡുപ്ലെസിയെ (0) അവേഷ് ഖാനും മടക്കി. എന്നാല്‍ മുഈന്‍അലിയും (24 പന്തില്‍ 36) സുരേഷ് റയ്‌നയും (36 പന്തില്‍ 54) പ്രത്യാക്രമണം തുടങ്ങി.  പതിനാറോവളില്‍ ആറിന് 143 ആയിരുന്നു സ്‌കോര്‍. എങ്കിലും സാം കറണ്‍ അവസാനം ആഘോഷമാക്കി. ടോം കറണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സൊഴുകി. 
ദല്‍ഹിക്ക് ഈ സ്‌കോര്‍ വെല്ലുവിൡയേ ആയില്ല. ശിഖറും പൃഥ്വിയും ഓപണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ അടിച്ചെടുത്തത് 138 റണ്‍സായിരുന്നു. കഴിഞ്ഞ സീസണില്‍ പരാജയമായ പൃഥ്വി ഇത്തവണ തുടക്കം കെങ്കേമമാക്കി. മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും പായിച്ചു. പൃഥ്വി 27 പന്തിലും ശിഖര്‍ 35 പന്തിലും അര്‍ധ ശതകം പിന്നിട്ടു. ഇരുവരും പുറത്താവുമ്പോഴേക്കും ദല്‍ഹി വിജയമുറപ്പിച്ചിരുന്നു. 

Latest News