Sorry, you need to enable JavaScript to visit this website.

സിറ്റി ജൈത്രയാത്രക്ക് അന്ത്യം

മാഞ്ചസ്റ്റര്‍ - പെപ് ഗാഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അത്യുജ്വലമായ കുതിപ്പിന് അദ്ദേഹത്തിന്റെ ഗുരു മാഴ്‌സെലൊ ബിയല്‍സ പരിശീലിപ്പിച്ച ലീഡ്‌സ് അപ്രതീക്ഷിതമായി അന്ത്യം കുറിച്ചു. പത്തു പേരുമായി കളിച്ച ലീഡ്‌സ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സിറ്റിയെ 2-1 ന് അട്ടിമറിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്റ്റുവാര്‍ട് ഡള്ളാസാണ് ലീഡ്‌സിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള സിറ്റിയുടെ കുതിപ്പിന് തല്‍ക്കാലത്തേക്കെങ്കിലും സ്റ്റോപ്പിടാന്‍ ലീഡ്‌സിന്റെ വിജയത്തിന് സാധിച്ചു. 
ആദ്യ പകുതി അവസാനിക്കുന്നതിന് മൂന്നു മിനിറ്റ് മുമ്പ് ഡള്ളാസിലൂടെ ലീഡ്‌സ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇടവേളക്ക് അല്‍പം മുമ്പ് ലിയാം കൂപ്പര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട ശേഷം രണ്ടാം പകുതി മുഴുവന്‍ ലീഡ്‌സിന് പത്തു പേരുമായി പൊരുതേണ്ടി വന്നു. ആള്‍ബലം മുതലെടുത്ത് സിറ്റി ഇരമ്പിക്കയറിയപ്പോള്‍ ഇടവേളക്കു ശേഷം ലീഡ്‌സിന്റെ മുഴുവന്‍ കളിക്കാരും സ്വന്തം പകുതിയില്‍ തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ലീഡ്‌സ് ആകെ രണ്ട് ഷോട്ടാണ് ഗോളിലേക്ക് പായിച്ചത്. രണ്ടും ഗോളായി. സിറ്റി 29 ഷോട്ടെടുത്തതില്‍ ലക്ഷ്യം കണ്ടത് ഒന്നു മാത്രം. 
ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദം കളിക്കാനുള്ളതിനാല്‍ ഏഴ് മുന്‍നിര കളിക്കാരെ പുറത്തിരുത്തിയാണ് സിറ്റി കളിച്ചത്. കെവിന്‍ ഡിബ്രൂയ്‌നെ റിസര്‍വ് ബെഞ്ചിലായിരുന്നു. 

Latest News