Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ ഐ.പി.എല്‍, മേയറുടെ മോഹം

ലണ്ടന്‍ - ലണ്ടനില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന മോഹവുമായി മേയര്‍ സാദിഖ് ഖാന്‍. ലണ്ടനെ സ്‌പോര്‍ട്‌സിന്റെ അത്യുന്നത കേന്ദ്രമായി വളര്‍ത്തിയെടുക്കുമെന്ന് ഖാന്‍ പ്രഖ്യാപിച്ചു. ലണ്ടന്‍ സ്‌പോര്‍ട്‌സിന്റെ തലസ്ഥാന നഗരിയാവണം. അതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്തമായ ലോഡ്‌സിലും ഓവലിലുമൊക്കെ ഐ.പി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
ഐ.പി.എല്‍ ആകര്‍ഷകമായ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യന്‍ ടീം എത്തുമ്പോള്‍ മാത്രമല്ല കോഹ്‌ലിയെയും മറ്റും കാണേണ്ടത്. എം.എസ് ധോണിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയുമൊക്കെ സ്ഥിരമായി ലണ്ടനില്‍ കളിക്കേണ്ടതുണ്ട് - ഖാന്‍ പറഞ്ഞു. നാഷനല്‍ ഫുട്‌ബോള്‍ ലീഗ്, മേജര്‍ ലീഗ് ബാസ്‌കറ്റ്‌ബോള്‍, എന്‍.ബി.എ മത്സരങ്ങള്‍ക്ക് ലണ്ടന്‍ വേദിയായിട്ടുണ്ട്. ജോഷ്വ-ക്ലീഷ്‌കൊ ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടം ലണ്ടന്റെ സാമ്പത്തികമേഖലക്ക് വലിയ സംഭാവന നല്‍കിയതായി ഖാന്‍ ചൂണ്ടിക്കാട്ടി. അടുത്ത മാസം തെരഞ്ഞെടുപ്പിനെ നേരിടുകയാണ് അദ്ദേഹം. ഇന്ത്യക്കും ബ്രിട്ടിഷുകാരും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഇന്ത്യക്കാരെയും സ്‌നേഹിക്കുന്നു. അതിനാല്‍ ഐ.പി.എല്‍ ഒരു പാലമാവണം. ആദ്യം പ്രദര്‍ശന മത്സരങ്ങള്‍ നടക്കട്ടെ. പിന്നീടാവാം ഔദ്യോഗിക മത്സരങ്ങള്‍ -ഖാന്‍ വിശദീകരിച്ചു. ലണ്ടനില്‍ ഐ.പി.എല്‍ സംഘടിപ്പിക്കുന്നത് ബി.സി.സി.ഐയുടെ നിലപാടിലും മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം കരുതുന്നു. മറ്റു രാജ്യങ്ങളിലെ ട്വന്റി20 ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് വിലക്കുണ്ട്. ഈ നിലപാട് മാറുമെന്നും ഇന്ത്യന്‍ താരങ്ങള്‍ ബ്രിട്ടിഷ് ലീഗുകളില്‍ കളിക്കുമെന്നും ഖാന്‍ പ്രത്യാശിച്ചു.

Latest News