Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ബോധവൽക്കരണം

ബോധവൽക്കരണത്തിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ജിദ്ദയിലെയും നജ്‌റാനിലെയും സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്ത് ക്യു.ആർ കോഡ് അടങ്ങിയ പോസ്റ്ററുകൾ പതിക്കുന്നു. 

റിയാദ്- ബിനാമി ബിസിനസുകൾ നടത്തുന്ന നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരമുള്ള പദവി ശരിയാക്കൽ പ്രക്രിയയെ കുറിച്ച് വാണിജ്യ മന്ത്രാലയം ശക്തമായ ബോധവൽക്കരണം ആരംഭിച്ചു. ബിനാമി ബിസിനസ് മേഖലകളിൽ ജോലി ചെയ്യുന്നവരെയും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നവരെയും ലക്ഷ്യമിട്ടാണ് വാണിജ്യ മന്ത്രാലയം ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്. വിവിധ രാജ്യക്കാരായ വിദേശികളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് ഭാഷകളിലുള്ള ലഘുലേഖകൾ മന്ത്രാലയ ഉദ്യോഗസ്ഥർ വിതരണം ചെയ്യുന്നുണ്ട്. 

പദവി ശരിയാക്കൽ കാമ്പയിനെ കുറിച്ച് അറിയിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യു.ആർ കോഡ് അടങ്ങിയ പോസ്റ്ററുകൾ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പതിക്കുന്നുമുണ്ട്. ഓഗസ്റ്റ് 23 ന് അവസാനിക്കുന്നതിനു മുമ്പായി എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കണമെന്ന് നിയമ ലംഘകരോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജിദ്ദയിലും നജ്‌റാനിലും മറ്റു നഗരങ്ങളിലും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ലഘുലേഖകൾ വിതരണം ചെയ്യുകയും ജീവനക്കാരെ ബോധവൽക്കരിക്കുകയും ക്യു.ആർ കോഡ് അടങ്ങിയ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. 

പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ സംയുക്ത കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. വാണിജ്യ, നിക്ഷേപ, മാനവശേഷി-സാമൂഹിക മന്ത്രാലയങ്ങളെയും പ്രീമിയം റെസിഡൻസി സെന്ററിനെയും ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാമിനെയും ഉൾപ്പെടുത്തിയാണ് കർമ സമിതി രൂപീകരിച്ചിരിക്കുന്നത്. പദവി ശരിയാക്കി നിയമാനുസൃതം ബിസിനസ് നടത്താൻ നിയമ ലംഘകർക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വാണിജ്യ മന്ത്രാലയം നീക്കിവെച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ പദവി ശരിയാക്കൽ പ്രക്രിയ പൂർത്തിയാക്കും. പ്രത്യേക ഫോറം പൂരിപ്പിച്ച് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി, ആഗ്രഹിക്കുന്ന പദവി ശരിയാക്കൽ ചോയ്‌സ് നിർണയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം പറഞ്ഞു. 

പദ്ധതി പ്രയോജനപ്പെടുത്തി സൗദി പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത ചോയ്‌സുകൾ തെരഞ്ഞെടുത്ത് പദവി ശരിയാക്കാവുന്നതാണ്. പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കുന്നതിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കും. 

നിലവിലുള്ള ബിനാമി സ്ഥാപനങ്ങളിൽ പാർട്ണർമാരായി വിദേശികളെ ഉൾപ്പെടുത്താനും വിദേശ നിക്ഷേപ ലൈസൻസ് നേടിയ ശേഷം സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വിദേശികളുടെ പേരിലേക്ക് മാറ്റാനും സാധിക്കും. പൊതുമാപ്പ് കാമ്പയിൻ ആരംഭിക്കുന്നതിനു മുമ്പ് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടിയ സ്ഥാപനങ്ങളായിരിക്കണമെന്നും വിദേശ പാർട്ണർ പൊതുമാപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ സൗദിയിൽ താമസിച്ചു വരുന്നയാളായിരിക്കണമെന്നും വിദേശ പാർട്ണറുടെ സാന്നിധ്യത്തിൽ തൊഴിലുടമക്ക് എതിർപ്പുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥകളുണ്ട്. പദവി ശരിയാക്കുന്ന വിദേശികൾക്ക് പ്രീമിയം റെസിഡൻസി സെന്ററിൽ നിന്ന് പ്രീമിയം ഇഖാമ നേടാനും പദവി ശരിയാക്കൽ പൂർത്തിയാക്കാനും സാധിക്കും. പ്രീമിയം ഇഖാമ ലഭിക്കുന്നവർക്ക് വിദേശ നിക്ഷേപ നിയമം അനുസരിച്ച് നിക്ഷേപ ലൈസൻസ് ലഭിക്കും. 

ബിനാമി ബിസിനസ് പ്രവണത ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി റിയാൽ മുതൽ 40,000 കോടി റിയാൽ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം കണക്കാക്കുന്നത്. പതിനായിരക്കണക്കിന് വിദേശികൾ രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. 

ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം അടുത്തിടെ മന്ത്രിസഭ പാസാക്കിയിരുന്നു. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറാനും നിയമം അനുവദിക്കുന്നു. 

 

Tags

Latest News