Sorry, you need to enable JavaScript to visit this website.

റിക്രൂട്ട്‌മെന്റ് നിരക്ക് ഉയർന്നു; നിയമവിരുദ്ധ തൊഴിലാളി കൈമാറ്റം വർധിച്ചു 

റിയാദ്- സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് വർധിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമ്മതിച്ചു. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ മന്ത്രാലയത്തിനു കീഴിലെ നിരീക്ഷണ സംഘങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്. 
റിക്രൂട്ട്‌മെന്റ് നിരക്കുകൾ വർധിക്കാൻ പല കാരണങ്ങളുണ്ട്. കൊറോണ വ്യാപനവും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വ്യവസ്ഥകൾ ബാധമാക്കിയതുമെല്ലാം കാരണമാണ്. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് പി.സി.ആർ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഗാർഹിക തൊഴിലാളികൾ സ്വന്തം രാജ്യങ്ങളിൽ പതിനാലു ദിവസം ക്വാറന്റൈൻ പാലിക്കണം. ഇതിനു ശേഷം രണ്ടാമതും പി.സി.ആർ പരിശോധന നടത്തിയ ശേഷമാണ് സൗദിയിലേക്ക് പുറപ്പെടാൻ അനുമതി നൽകുന്നത്. വിമാന ടിക്കറ്റ് നിരക്ക് 15 മുതൽ 33 ശതമാനം വരെ വർധിച്ചിട്ടുണ്ട്. മൂല്യവർധിത നികുതിയും ഉയർന്നു.


കൊറോണ വ്യാപനം മൂലം ചില രാജ്യങ്ങളിലെ പ്രത്യേക നഗരങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് സാധിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ചില രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ പ്രവേശിക്കുന്നതിനു മുമ്പായി പി.സി.ആർ പരിശോധനകൾ നടത്തണമെന്നും വ്യവസ്ഥയുണ്ട്. ഈ ഘടകങ്ങളെല്ലാമാണ് റിക്രൂട്ട്‌മെന്റ് നിരക്ക് ഉയരാൻ ഇടയാക്കിയത്. റിക്രൂട്ട്‌മെന്റ് മേഖലയിൽ സേവന, പ്രകടന നിലവാരം മെച്ചപ്പെടുത്താൻ സഹായകമായ നിർദേശങ്ങളും അഭിപ്രായങ്ങളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുഖവിലക്കെടുക്കുന്നു. അനധികൃത ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം സുരക്ഷാ വകുപ്പുകൾക്കാണ്. ഇത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്കുകൾ വലിയ തോതിൽ വർധിച്ചതായും വൻ തുക ഈടാക്കി നിയമ വിരുദ്ധമായി ഗാർഹിക തൊഴിലാളി കൈമാറ്റം നടക്കുന്നതായും പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ മന്ത്രാലയം വിശദീകരണം നൽകിയത്. 


അതേസമയം, തൊഴിലാളി, തൊഴിലുടമ, റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ എന്നീ കക്ഷികളുടെ മുഴുവൻ അവകാശങ്ങളും കടമകളും ഏകീകൃത കരാർ നിയമം നിർണയിക്കുന്നതായി മന്ത്രാലയം പറഞ്ഞു. ഒപ്പുവെച്ച് അഞ്ചു ദിവസത്തിനു ശേഷം കരാർ റദ്ദാക്കുന്ന പക്ഷം കരാർ പ്രകാരമുള്ള തുകയുടെ 40 ശതമാനം വരെ പിഴ നിർബന്ധമാണെന്ന് നിയമം അനുശാസിക്കുന്നു. ഉപയോക്താവായ തൊഴിലുടമ കരാർ റദ്ദാക്കി രണ്ടാഴ്ചക്കകം റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ നിയമാനുസൃതമുള്ള പണം തിരികെ നൽകിയിരിക്കണം. കരാർ ഒപ്പുവെച്ച് 120 ദിവസം പിന്നിട്ടിട്ടും തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാത്ത പക്ഷം കരാർ റദ്ദാക്കാൻ ഉപയോക്താവിന് അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കരാർ തുകയുടെ 15 ശതമാനത്തിന് തുല്യമായ നഷ്ടപരിഹാരം പിഴയായി റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ ഉപയോക്താവിന് കൈമാറണം. 


ഗൾഫ് മെഡിക്കൽ പരിശോധനാ നിയമം വ്യവസ്ഥ ചെയ്യുന്ന മെഡിക്കൽ, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് കരാർ വിധേയമാണ്. റിക്രൂട്ട്‌മെന്റ് മേഖലയിൽ ബ്രോക്കർമാർ പ്രവർത്തിക്കുന്നത് സൗദിയിലെയും തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിലെയും നിയമങ്ങൾക്ക് വിരുദ്ധമാണ്. കബളിപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് പരസ്യങ്ങളിൽ കുടുങ്ങുന്നതിനെതിരെ സൗദി പൗരന്മാർക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള മുഴുവൻ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിലുണ്ട്. 
ഈ വർഷം ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്‌മെന്റ് കരാറുകളിൽ 99 ശതമാനവും കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് മേഖലയിലെ ബ്രോക്കർമാരെ പൂർണമായും ഇല്ലാതാക്കുന്ന പുതിയ രീതി മന്ത്രാലയം പരീക്ഷിച്ചു വരികയാണ്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുമായി കരാർ ഒപ്പുവെച്ച ശേഷം വിസ അനുവദിക്കുന്ന രീതിയാണ് ഇതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

Tags

Latest News