Sorry, you need to enable JavaScript to visit this website.

അയൽ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റി അയക്കും -ഊർജ മന്ത്രി

റിയാദ്- വൈദ്യുതി ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയായ ശേഷം അയൽ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ വൈദ്യുതി കയറ്റി അയക്കുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ജോർദാൻ, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ വൈദ്യുതി ശൃംഖലകളെയും സൗദി അറേബ്യയിലെ വൈദ്യുതി ശൃംഖലയെയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ ഗൾഫ് രാജ്യങ്ങളുടെ വൈദ്യുതി ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. സൗദി അറേബ്യയിലെയും മറ്റു രാജ്യങ്ങളിലെയും വൈദ്യുതി ഉപഭോഗം കൂടിയ പീക്ക് സമയങ്ങൾ തമ്മിലെ വ്യത്യാസം വൈദ്യുതി കയറ്റുമതിക്ക് അനുകൂല ഘടകമാണ്. 


സകാക്ക സൗരോർജ വൈദ്യുതി ഉൽപാദന നിലയം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. 300 മെഗാ വാട്ട് ആണ് സകാക്ക സൗരോർജ വൈദ്യുതി ഉൽപാദന നിലയത്തിന്റെ ശേഷി. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ദൗമത്തുൽജന്ദൽ നിലയത്തിന്റെ നിർമാണം വൈകാതെ പൂർത്തിയാകും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഏഴു പദ്ധതികൾക്കും തുടക്കമായിട്ടുണ്ട്. ഈ പദ്ധതികളിൽ നിന്ന് വൈദ്യുതികൾ വാങ്ങുന്നതിന് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. പന്ത്രണ്ടു സൗദി, വിദേശ കമ്പനികൾ ഉൾപ്പെട്ട അഞ്ചു കൺസോർഷ്യങ്ങളാണ് മദീന, സുദൈർ, ഖുറയ്യാത്ത്, അൽശുഅയ്ബ, ജിദ്ദ, റാബിഗ്, റഫ്ഹ എന്നിവിടങ്ങളിൽ ഏഴു പുതിയ പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുന്നത്. ഈ ഏഴു പദ്ധതികളും സകാക്ക, ദൗമത്തുൽജന്ദൽ പദ്ധതികളും കൂടി ആകെ 3,600 ലേറെ മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ആറു ലക്ഷത്തിലേറെ പാർപ്പിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഈ പദ്ധതികൾ ലഭ്യമാക്കും. 

Tags

Latest News