Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: ഒമാനിൽ സന്ദർശക വിസക്ക് വിലക്ക് 

മസ്‌കത്ത് -കോവിഡ് നിയന്ത്രണം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ സന്ദർശക വിസക്ക് വിലക്കേർപ്പെടുത്തുന്ന നിയമം പ്രാബല്യത്തിൽ. ഇന്ന്‌ ഉച്ചക്ക് 12 മുതലാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം പ്രാബല്യത്തിലായത്. കര, സമുദ്ര, വ്യോമ അതിർത്തികൾ സന്ദർശകർക്കു മുന്നിൽ അടക്കും. നേരത്തെ അനുവദിച്ച വിസകളാണെങ്കിലും വിലക്ക് പ്രാബല്യത്തിൽ വന്ന ശേഷം ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എങ്കിലും ഇക്കാര്യത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്.
അതേസമയം സ്വദേശികൾക്കും റെസിഡൻസ് വിസയിലുള്ള വിദേശികൾക്കും പ്രവേശന വിലക്കില്ല. ഒമാനിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനും തടസ്സമുണ്ടാകില്ല. ഏപ്രിൽ അഞ്ചിന് മുമ്പ് റസിഡന്റ്‌സ് വിസ അനുവദിച്ചവർക്ക് പ്രവേശനം ലഭിക്കും. എന്നാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തൊഴിൽ, ഫാമിലി, വിസിറ്റ്, ടൂറിസ്റ്റ് വികസകൾ അനുവദിക്കില്ല. 
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒമാൻ കടുത്ത നടപടികളിലേക്ക് കടന്നത്. ഇന്ന്‌ മാത്രം ഒമാനിൽ കോവിഡ് ബാധിച്ച് 12 പേരാണ് മരിച്ചത്. ഇതോടെ മൊത്തം കോവിഡ് മരണ നിരക്ക് 1,747 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1,68,005 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 920 പേർ ഇന്ന്‌ രോഗമുക്തി നേടി. 1,49,969 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Tags

Latest News