Sorry, you need to enable JavaScript to visit this website.

റമദാൻ: ദുബായിൽ ഭിക്ഷാടന നിർമാർജന കാമ്പയിൻ തുടങ്ങി

മൂന്നു വർഷത്തിനിടെ അറസ്റ്റിലായത് 842 യാചകർ
ദുബായ്- വിശുദ്ധ റമദാന് മുന്നോടിയായി ദുബായ് പോലീസ് ഭിക്ഷാടന നിർമാർജന കാമ്പയിൻ ആരംഭിച്ചു. ദുബായ് എമിഗ്രേഷൻ, ഇസ്‌ലാമിക് അഫയേഴ്‌സ്, മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. ‘യാചകരില്ലാത്ത റമദാൻ’ എന്ന ലക്ഷ്യവുമായാണ് കാമ്പയിൻ നടത്തുന്നത്. യാചകരെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കലാണ് പ്രധാന ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബോധവൽക്കരണം ശക്തിപ്പെടുത്തും. റമദാനിലെ ആളുകളുടെ ഉദാര മനസ്‌കത ചൂഷണം ചെയ്യാനാണ് യാചകർ ശ്രമിക്കാറുള്ളത്. റമദാനിൽ യാചകരെ അകറ്റി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ബ്രഗേഡിയർ ജമാൽ സാലിം അൽജല്ലാഫ് പറഞ്ഞു. പണം തട്ടാനുള്ള മാർഗമായി പലരും ഭിക്ഷാടനത്തെ വിനിയോഗിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാമ്പയിൻ ശക്തമാക്കുന്നത്. 
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 842 യാചകരാണ് ദുബായിൽ അറസ്റ്റിലായത്. യാചകർക്ക് പണം നൽകുന്നതിന് പകരം ദാനധർമങ്ങൾ ജീവകാരുണ്യ വിഭാഗത്തെ ഏൽപിക്കുകയാണ് വേണ്ടത്. സമൂഹത്തിലെ ഏറ്റവും അർഹരായവർക്ക് അവർ അത് എത്തിച്ചു നൽകുമെന്ന് സാലിം അൽജല്ലാഫ് പറഞ്ഞു. ഭിക്ഷാടനം ഒരു സാമൂഹിക തിന്മയാണ്. പ്രത്യേകിച്ചും റമദാനിൽ. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. പല രാജ്യങ്ങളിൽനിന്നും റമദാനിൽ യാചനക്കായി ആളുകളെത്തുന്നുണ്ട്. അവർ പറയുന്നതെല്ലാം വിശ്വസിച്ച് ധനസഹായം നൽകുന്നവർ നിയമ ലംഘനത്തിൽ പങ്കാളികളാവുകയാണ് ചെയ്യുന്നത്. വ്യാപാരികളെയും വഴിയാത്രക്കാരെയും ഭിക്ഷാടകർ പ്രയാസപ്പെടുത്താറുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഇത്തരം ആളുകളെ കണ്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരം അറിയിക്കണമെന്നും ദുബായ് പോലീസ് നിർദേശിച്ചു.
 

Tags

Latest News