Sorry, you need to enable JavaScript to visit this website.

കണക്കു ചോദിച്ച് പി.എസ്.ജി, ത്രില്ലറില്‍ ബയേണ്‍ വീണു

മ്യൂണിക് -കഴിഞ്ഞ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലിലെ തോല്‍വിക്ക് ബയേണ്‍ മ്യൂണിക്കിനോട് അവരുടെ കളിത്തട്ടില്‍ പി.എസ്.ജി കണക്കു ചോദിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ കീലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ പി.എസ്.ജി 3-2 ന് ജയിച്ചു. തുടര്‍ച്ചയായ 19 കളികളിലെ അജയ്യ മുന്നേറ്റത്തിനൊടുവിലാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗില്‍ അടിയറവ് പറഞ്ഞത്. 2019 മാര്‍ച്ചിലാണ് ബയേണ്‍ അവസാനം തോറ്റത്. 
28 മിനിറ്റാവുമ്പോഴേക്കും പി.എസ്.ജി 2-0 ന് മുന്നിലെത്തിയിരുന്നു. നെയ്മാര്‍ സൃഷ്ടിച്ച അവസരങ്ങള്‍ എംബാപ്പെയും മാര്‍ക്വിഞ്ഞോസും ലക്ഷ്യത്തിലെത്തിച്ചു. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ അഭാവം ബയേണ്‍ മുന്‍നിരയില്‍ നിഴലിച്ചു. ലെവന്‍ഡോവ്‌സ്‌കിക്കു പകരമിറങ്ങിയ എറിക് മാക്‌സിം ചൂപൊ മോടിംഗാണ് ഹെഡറിലൂടെ തിരിച്ചുവരവിന് തുടക്കമിട്ടത്. തോമസ് മുള്ളറും ഹെഡ് ചെയ്തതോടെ സ്‌കോര്‍ 2-2. എന്നാല്‍ എംബാപ്പെയുടെ മനോഹരമായ രണ്ടാം ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. ചൊവ്വാഴ്ചയാണ് പാരിസില്‍ രണ്ടാം പാദം. 
ബയേണ്‍ അതിശക്തമായി തിരിച്ചടിച്ചു. 31 ഷോട്ടുകളാണ് അവര്‍ പി.എസ്.ജി ഗോളിലേക്ക് പായിച്ചത്. ഗോളി കെയ്‌ലോര്‍ നവാസിന്റെ സര്‍വശ്രമങ്ങളും വേണ്ടിവന്നു ലീഡ് നിലനിര്‍ത്താന്‍. പി.എസ്.ജിക്ക് ആകെ സാധിച്ചത് ആറ് ഷോട്ടുകളാണ്.
 

Latest News